കുരുന്നു മനസുകളിൽ കൃഷിയുടെ വിത്ത് വിതയ്ക്കാൻ കൊയിലാണ്ടി നഗരസഭ; ‘കുഞ്ഞാവക്കൊരു ഹരിതവാടി’ പദ്ധതിയ്ക്ക് തുടക്കമായി


കൊയിലാണ്ടി: കുരുന്നു മനസുകളെ കൃഷിയിലേക്ക് അടുപ്പിക്കാനുള്ള ‘കുഞ്ഞാവക്കൊരു ഹരിതവാടി’ പദ്ധതിയുമായി കൊയിലാണ്ടി നഗരസഭ. 2023-2024 വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികളില്‍ കൃഷിയോടുള്ള ആഭിമുഖ്യം വളര്‍ത്തുന്നതിനും പച്ചക്കറികള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കി പുതിയൊരു ഭക്ഷണ സംസ്‌കാരം കുട്ടികളിലുണ്ടാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

ഇതിന്റെ ഭാഗമായി കൊയിലാണ്ടി കൃഷിഭവന്‍ വഴി നഗരസഭയിലെ മുഴുവന്‍ അങ്കണ വാടി കേന്ദ്രങ്ങള്‍ക്കും ചട്ടി, വളം, പച്ചക്കറി തൈകള്‍ എന്നിവ വിതരണം ചെയ്തു. കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഇന്ദിര ടീച്ചര്‍ സ്വാഗതം പറഞ്ഞു. കൃഷി ഓഫീസര്‍ വിദ്യ പദ്ധതി വിശദീകരിച്ചു. സബിത ആശംസയര്‍പ്പിച്ച് സംസാരിച്ചു.