‘നിത്യോപയോഗ സാധനങ്ങളുടെ ജി.എസ്.ടി നിരക്ക് വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടി പിൻവലിക്കുക’; കൊയിലാണ്ടിയിൽ കെ.എസ്.കെ.ടി.യു ജില്ലാ കൺവെൻഷൻ


കൊയിലാണ്ടി: പാക്ക് ചെയ്ത് ലേബൽ ഒട്ടിച്ചതും 25 കിലോഗ്രാമിൽ താഴെ തൂക്കമുള്ളതുമായ ധാന്യങ്ങൾ, പയറുവർഗങ്ങൾ, പാൽ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾക്ക് ജി.എസ്.ടി നിരക്ക് വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടി പിൻവലിക്കണമെന്ന് കെ.എസ്.കെ.ടി.യു കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പെട്രോളിയം-പാചക വാതക വിലവർധന കൊണ്ട് പൊറുതി മുട്ടിയ ജനങ്ങൾക്ക് കടുത്ത പ്രതിസന്ധിയാണ് ഈ നടപടി സൃഷ്ടിച്ചിരിക്കുന്നതെന്നും സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിയെന്നും കൺവെൻഷൻ ആരോപിച്ചു.

ആഗസ്റ്റ് ഒന്നിന് നടക്കുന്ന സംയുക്ത കർഷക തൊഴിലാളി പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ആദായ നികുതി ഓഫീസ് മാർച്ചും ആഗസ്ത് ഒമ്പതിന് നടക്കുന്ന സാമൂഹ്യ ജാഗരൺ ജാഥയും ആഗസ്ത് 14 ന് നടക്കുന്ന സാമൂഹ്യ ജാഗരൺ സംഗമവും വിജയിപ്പിക്കാൻ കൺവൻഷൻ തീരുമാനിച്ചു. കൊയിലാണ്ടി ടൗണ്‍ ഹാളിലാണ് കൺവെൻഷൻ നടന്നത്.

ജില്ലാ, ഏരിയാ കമ്മറ്റി അംഗങ്ങളും മേഖലാ സെക്രട്ടറി പ്രസിഡന്റുമാരും പങ്കെടുത്ത കൺവൻഷൻ യൂണിയന്റെ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി.കെ.കുഞ്ഞിരാമൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.ചിന്നക്കുട്ടൻ, ജില്ലാ സെക്രട്ടറി കെ.കെ.ദിനേശൻ, പി.മോഹനൻ, ആർ.പി.ഭാസ്കരൻ, സി.ബാലൻ, പി.ബാബുരാജ്, സി.കെ.ജിഷ, കെ.കെ.പ്രമീള എ.സി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.