ബന്ധുക്കളെയും സുഹൃത്തുക്കളെയും ചിട്ടിയില്‍ ചേര്‍ത്ത് കെ.എസ്.എഫ്.ഇയില്‍ നിന്നും വ്യാജ രേഖ ഉപയോഗിച്ച് അരക്കോടി രൂപ തട്ടിയെടുത്തു: മുൻ മാനേജരടക്കം രണ്ടുകോഴിക്കോട്ടുകാർ പിടിയിൽ
കക്കോടി: കെ.എസ്.എഫ്.ഇ ശാഖയില്‍ നിന്നും വ്യാജരേഖകള്‍ ഉപയോഗിച്ച് അരക്കോടിയോളം രൂപ തട്ടിയ കേസില്‍ കക്കോടി സ്വദേശിയുള്‍പ്പെടെ രണ്ട് കോഴിക്കോട്ടുകാര്‍ അറസ്റ്റില്‍. കക്കോടി മോരിക്കര രയാസ് വീട്ടില്‍ ജയജിത്ത്, കെ.എസ്.എഫ്.ഇയില്‍ മാനേജരായിരുന്ന കൊമേരി സ്വദേശി സൗപര്‍ണിക വീട്ടില്‍ സന്തോഷ് (53) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
സന്തോഷ് കൊണ്ടോട്ടി കെ.എസ്.എഫ്.ഇ ശാഖാ മാനേജരായിരിക്കെ 2016-2018 കാലത്ത് നടന്ന തട്ടിപ്പിന്മേലാണ് നടപടി. ജയജിത്ത് ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം ചിട്ടിയില്‍ ചേര്‍ത്തിരുന്നു. വിവിധ പേരില്‍ സാലറി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ചിട്ടി വിളിച്ചെടുത്ത ഇയാള്‍ മാനേജരുടെ ഒത്താശയോടെ ലക്ഷങ്ങള്‍ തട്ടുകയായിരുന്നു.
കോഴിക്കോട് എസ്.സി.-എസ്.ടി ഹോസ്റ്റല്‍ വാര്‍ഡനായിരുന്ന ജയജിത്ത് അവിടുത്തെ സീലുകളും മറ്റും ഉപയോഗിച്ചാണ് വ്യാജരേഖയുണ്ടാക്കിയത്. തിരിച്ചടവ് മുടങ്ങിയപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. കെ.എസ്.എഫ്.ഇയുടെ മറ്റ് ശാഖകളിലും ഇവര്‍ സമാനമായ തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു.
ഒരുവര്‍ഷത്തോളമായി ഇരുവരും സസ്‌പെന്‍ഷനിലാണ്. നിലവിലെ മാനേജര്‍ നല്‍കിയ പരാതിയിലാണ് രണ്ടുപേരെയും അറസ്റ്റു ചെയ്തിരിക്കുന്നത്.
Summary: ksfe chitty fraud in two kozhikode natives arrested