വൈദ്യുതി ഉപഭോഗം കുത്തനെ കൂടി, ഓവര്‍ലോഡ് കാരണം കേടുപാടുകള്‍ തുടര്‍ക്കഥയാവുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തണമെന്ന് കെ.എസ്.ഇ.ബി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ കൂടിയ സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ്ങ് ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് കെ.എസ്.ഇ.ബി. ഓവര്‍ ലോഡ് കാരണം പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് നടത്തേണ്ടിവരുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ വകുപ്പ് മന്ത്രി ഇക്കാര്യത്തില്‍ തീരുമാനം അറിയിച്ചിട്ടില്ല. ലോഡ് ഷെഡ്ഡിങ്ങ് നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ നാളെ ഉന്നതതല സമിതി യോഗം ചേരുന്നുണ്ട്
അമിത ലോഡ് കാരണം പലയിടത്തും ട്രാന്‍ഫോര്‍മറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നു. ഇതുവരെ 700 ലേറെ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് തകരാര്‍ സംഭവിച്ചതായും കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു. പലയിടത്തും വൈദ്യുതി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ആളുകള്‍ കെ.എസ്.ഇ.ബി ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു. ഓവര്‍ലോഡ് വരുന്ന സാഹചര്യത്തില്‍ ട്രാന്‍സ്‌ഫോമറുകള്‍ ഓഫാക്കി ഇടുന്നത് മാത്രമാണ് പരിഹാരമെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നത്.
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുകയാണ്. ഇന്നലെ 11.31 കോടി യൂണിറ്റാണ് ഉപയോഗിച്ചത്. ഏപ്രില്‍ ഒമ്പതിലെ റെക്കോര്‍ഡാണ് ഇന്നലെ മറികടന്നത്. 5646 മെഗാവാട്ട് ആണ് ഇന്നലെ പീക്ക് സമയത്തെ ഉപഭോഗം. ഈ സാഹചര്യത്തിലാണ് ലോഡ് ഷെഡ്ഡിങ്ങ് എന്ന ആവശ്യം ബോര്‍ഡ് വീണ്ടും ഉന്നയിച്ചിട്ടുള്ളത്.