‘കുഞ്ഞുമനസ്സുകൾക്ക് ഒരു കുട്ടി സമ്മാനം’; വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളുമായി കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി


 

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് പരിധിയിലുള്ള തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ അർഹതപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങളുമായി കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി. കുഞ്ഞുമനസ്സുകൾക്ക് ഒരു കുട്ടി സമ്മാനം എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മെയ് 27-ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിക്കും. മേഖലയിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ഏകദേശം ആയിരത്തിലധികം കുട്ടികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.

കൊയിലാണ്ടിയിലെയും പരിസരപ്രദേശങ്ങളിലും ഒന്നര ലക്ഷത്തോളം മെമ്പർമാർ ഉള്ള ഒരു ഫേസ്ബുക്ക് കൂട്ടായ്മയാണ് കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി. യുഎഇ, ഖത്തർ, ഒമാൻ, ബഹറിൻ, കുവൈത്ത്, റിയാദ്, ദമാം, ജിദ്ദ, കൊയിലാണ്ടി, ഡൽഹി, ബാംഗ്ലൂർ എന്നിവിടങ്ങളിലായി കൊയിലാണ്ടി കൂട്ടത്തിന്റെ ചാപ്റ്ററുകൾ പ്രവർത്തിക്കുന്നുണ്ട്. നന്മയിലൂടെ സൗഹൃദം, സൗഹൃദത്തിലൂടെ കാരുണ്യം എന്ന ആപ്ത വാക്യത്തിലൂന്നിയാണ് കൊയിലാണ്ടിക്കൂട്ടത്തിന്റെ പ്രവർത്തനം. ഇതിന്റെ കീഴിൽ കഴിഞ്ഞ പന്ത്രണ്ട് വർഷക്കാലാമായി ജീവകാരുണ്യ വിദ്യാഭ്യാസ സഹായ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്.

കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ കെ .മുരളീധരൻ എം പി, കാനത്തിൽ ജമീല എംഎൽഎ,  കൊയിലാണ്ടി നഗരസഭ ചെയർ പേഴ്സൺ സുധ കിഴക്കേപ്പാട്ട്, ഗോകുലം ഗോപാലൻ എന്നിവരുൾപ്പടെ സാമൂഹിക സംസ്കാരിക രാഷ്ട്രീയ രംഗത്തെപ്രമുഖർ പങ്കെടുക്കും. വിദ്യാർഥികൾക്കുള്ള സ്കൂൾ കിറ്റ് വിതരണവും കൊയിലാണ്ടിക്കൂട്ടം ഡൽഹിയിൽ വച്ച് നടത്തുന്ന അഞ്ചാമത് ഗ്ലോബൽ മീറ്റ് പ്രഖ്യാപനവും ഇതോടൊപ്പം നടക്കും.

വാർത്താ സമ്മേളനത്തിൽ എ അസീസ് മാസ്റ്റർ, റഷീദ് മൂടാടി,സഹീർ ഗാലക്സി, സുരേഷ് കെ, കെ കെ ഫാറൂഖ്, മൊയ്തു വൺടു വൺ, ഗഫൂർ കുന്നിക്കൽ, ഫൈസൽ മുസ എന്നിവർ പങ്കെടുത്തു