ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ പച്ച സിഗ്നൽ കാട്ടി അഗ്നിശമന സേന; ഇനി കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം പൂർണ്ണ സജ്ജം


കൊയിലാണ്ടി: ആശുപത്രി പ്രവര്‍ത്തനം ഇനി പൂര്‍ണ്ണ സജ്ജമാക്കാം, അനുമതി നൽകി അഗ്നിശമന സേന. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പുതിയതായി നിർമ്മിച്ച അഞ്ച് നില കെട്ടിടത്തിന്റെ ഏററവും മകളിലുളള രണ്ട് നിലകള്‍ക്ക് കൂടിയാണ് അഗ്നി രക്ഷാ സേനയുടെ അനുമതി ലഭിച്ചത്. ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് അനുമതി കിട്ടിയത്.

21 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കെട്ടിടം അഗ്നിശമന സേനയുടെ പ്രവർത്തനാനുമതി ലഭിക്കാത്തത് മൂലം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ സാധിച്ചില്ല. 22.20 മീറ്റര്‍ ഉയരത്തില്‍, ഗ്രൗണ്ട് ഫ്ലോറിനെ കൂടാതെ അഞ്ച് നിലകളാണ് താലൂക്ക് ആസ്പത്രി കെട്ടിടത്തിനുളളത്. എന്നാൽ സാങ്കേതിക പ്രശ്നങ്ങളുള്ളതിനാലാണ് ഫയര്‍ഫോഴ്‌സിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് തടയപ്പെട്ടത്.

പുതിയതായി നിർമ്മിച്ച കെട്ടിടത്തിന് ചുറ്റും ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ക്ക് സഞ്ചരിക്കുവാന്‍ കഴിയും വിധം റോഡ് സൗകര്യം, മുകളിലേക്ക് നിലയിലേക്ക് റാംപ് സൗകര്യം എന്നിവ വേണമെന്നുണ്ടായിരിന്നിട്ടും അത് പാലിക്കപ്പെട്ടില്ല. ആശുപത്രിയിൽ കെട്ടിടത്തിന്റെ മുന്‍ഭാഗത്തും വടക്ക് ഭാഗത്തും അഞ്ചു മീറ്റര്‍ വീതിയില്‍ സ്ഥലം ഒഴിഞ്ഞു കിടക്കണമെന്നുണ്ട്. ഈ കാര്യങ്ങൾ പാലിക്കാഞ്ഞതോടെയാണ് ഫയര്‍ഫോഴ്‌സ് എന്‍.ഒ.സി വൈകിയത്.

2015ലെ കെട്ടിട നിര്‍മ്മാണ നിയമനുസരിച്ച് താലൂക്കാസ്പത്രി കെട്ടിടം നിര്‍മ്മിക്കുന്ന സമയത്ത് അഗ്നി രക്ഷാ സേനയുടെ നിര്‍ദ്ദേശ പ്രകാരം ഒരു ലക്ഷം ലിറ്റര്‍ വെളളം സംഭരിക്കാവുന്ന ജലസംഭരണി ഭൂമിക്കടിയില്‍ നിര്‍മ്മിച്ചിരുന്നു. എന്നാൽ പിന്നീട് 2017 ല്‍ ഭേദഗതി ചെയ്ത നിയമ പ്രകാരം ഒന്നര ലക്ഷം ലിറ്റര്‍ ശേഷിയുളള ജലസംഭരണി വേണമെന്ന ആവശ്യം ഫയര്‍ഫോഴ്‌സ് മുന്നോട്ട് വെയ്ക്കുകയായിരുന്നു.

ആശുപത്രി കോമ്പൗണ്ടിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ച് 35 കോടിയുടെ പുതിയ കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ അതിനനുസരിച്ചുളള ജല സംഭരണി നിർമ്മിക്കാനാണ് പദ്ധതി. അതോടെ ജല സംഭരണിയുമായി ബന്ധപ്പെട്ടുള്ള തടസ്സം നീങ്ങുമെന്നാണ് കരുതുന്നത്.

തിരുവന്തപുരം ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡയറക്ടർ (അഡ്മിനിസ്‌ട്രേഷന്‍) അരുണ്‍ അല്‍ഫോന്‍സ് സെപ്റ്റംബര്‍ ആറിന് അനുമതി നല്‍കിയത്. കെട്ടിടത്തിന് ഫയര്‍ഫോഴ്‌സിന്റെ അനുമതി കിട്ടിയതോടെ ആശുപത്രി പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുമെന്നുള്ള പ്രതീക്ഷകൾ നഗരസഭ ചെയര്‍മാന്‍ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയര്‍മാന്‍ കെ.സത്യന്‍ എന്നിവര്‍ പങ്കിട്ടു.