വയറും മനസ്സും നിറച്ച് സുരേഷിന്റെ പാചകപ്പുര, കുട്ടികളെ ഊട്ടാന്‍ മദര്‍ പി.ടി.എയും; ഉപജില്ല കലോത്സവത്തിലെ പാചകപ്പുരയുടെ വിശേഷങ്ങള്‍
കൊയിലാണ്ടി: പതിവുതെറ്റാതെ കലോത്സവത്തിനെത്തിയവരുടെ വയറും മനസ്സും നിറച്ച് സുരേഷ് മുചുകുന്നിന്റെ ഭക്ഷണപ്പുര. സുരേഷ് മുചുകുന്നിന്റെ നേതൃത്വത്തില്‍ ഉള്ള മലബാര്‍ കാറ്ററിങ്ങ് സര്‍വീസാണ് വര്‍ഷങ്ങളായി കലോത്സവവേദിയില്‍ ഭക്ഷണം വിളമ്പുന്നത്.
മത്സരത്തിന്റെ രണ്ടാം ദിനവും ഗംഭീര ഭക്ഷണമാണ് കലവറയില്‍ ഒരുക്കിയിരിക്കുന്നത്. നാലു ദിവസങ്ങളിലായി നടക്കുന്ന കലോത്സവവുമായി ബന്ധപ്പെട്ട് പതിനായിരത്തോളം പേര്‍ക്ക് ഭക്ഷണം ഒരുക്കേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അഞ്ചുലക്ഷത്തോളം രൂപ ചിലവ് പ്രതീക്ഷിക്കുന്നു.
കലോത്സവത്തിന്റെ ആദ്യദിനമായ ഇന്നലെ ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി പി.ടി.എയുടെ നേതൃത്വത്തിലായിരുന്നു പാചകവും ഭക്ഷണ വിതരണവും. ഏകദേശം ആയിരത്തി അഞ്ഞൂറ് പേര്‍ക്കാണ് ഇന്നലെ ഭക്ഷണം ഒരുക്കിയത്. ഇതിനായി എഴുപത്തി അയ്യായിരം രൂപയോളം ചിലവായെന്നാണ് കണക്ക്. ചിക്കന്‍ കറി, എരിശ്ശേരി, പച്ചടി, അച്ചാര്‍, ഉപ്പേരി തുടങ്ങിയ ഇനങ്ങളാണ് ഇന്നലെ ഉണ്ടായിരുന്നത്.
കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് മൂവായിരത്തിലേറെ പേര്‍ക്ക് ഭക്ഷണം ഒരുക്കിയിട്ടുണ്ടെന്ന് ഭക്ഷണകമ്മറ്റി പറയുന്നു. വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടെയും സഹായത്തോടെയാണ് ഭക്ഷണം ഒരുക്കുന്നത്.
ഉപ്പേരി, അച്ചാര്‍, അവിയല്‍, സാമ്പാര്‍, രസം, പായസം, എന്നിവ അടങ്ങിയ വിഭവസമൃദ്ധമായ ഭക്ഷണമാണ് ഇന്ന് കലവറയില്‍ വിളമ്പിയത്. 12:30 ന് ആരംഭിക്കുന്ന ഭക്ഷണ വിതരണം വൈകിയും തുടരും.
കലയോടും വിദ്യാലയത്തോടും ഉള്ള ഇഷ്ടം ഒന്നുകൊണ്ട് മാത്രമാണ് ലാഭനഷ്ടങ്ങള്‍ നോക്കാതെ ഇത്തരം പരിപാടികള്‍ ഏറ്റെടുക്കുന്നത് എന്ന് സുരേഷ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. അകമഴിഞ്ഞ സഹായങ്ങളുമായി മദര്‍ പി.ടി.എ അംഗങ്ങളും കൂടെയുണ്ട്.
മദര്‍ പി.ടി.എ. അംഗങ്ങളായ സ്ത്രീകള്‍ രണ്ട് ഷിഫ്റ്റുകളായാണ് ജോലി ചെയ്യുന്നത്. രാവിലെ ഏഴ് മുതല്‍ രണ്ട് വരെ ഒന്നാം ഷിഫ്റ്റും 2 മുതല്‍ 6 വരെ രണ്ടാം ഷിഫ്റ്റുമാണ് ഉള്ളത്. ഈ രണ്ട് ദിവസത്തില്‍ തന്നെ അമ്മമാരുടെ സജീവ സാന്നിദ്ധ്യം ഇവിടെ ഉറപ്പാക്കുണ്ടെന്ന് മദര്‍ പി.ടി.എ. അംഗം ലൈസ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
കെ.എസ്.ടി.എ. എന്ന അധ്യാപക സംഘടനയുടെ നേതൃത്വത്തിലാണ് കലാമേളയുടെ ഭക്ഷണകമ്മറ്റി പ്രവര്‍ത്തിക്കുന്നത്. കെ.എസ്.ടി.എ. അംഗവും പെരുവട്ടൂര്‍ എല്‍.പി സ്‌കൂളിലെ അധ്യാപകനുമായ രാജഗോപാലാണ് ഭക്ഷണകമ്മറ്റിയുടെ കണ്‍വീനര്‍. കൊയിലാണ്ടി നഗരസഭ സാന്റിംഗ് കമ്മറ്റി അധ്യക്ഷന്‍ ഷിജു ചെയര്‍മാനും ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി പി.ടി.എ പ്രസിഡന്റ് സൂചീന്ദ്രന്‍ രക്ഷാധികാരിയുമാണ്. സുധീര്‍, ഉണ്ണികൃഷ്ണന്‍, ഹരീഷ്, സജികുമാര്‍, പ്രവീണ്‍ എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍.