കുടിവെള്ളം കിട്ടാക്കനി, പ്രാഥമികാവശ്യങ്ങൾക്കുള്ള വെള്ളം പോലും പണം കൊടുത്ത് വാങ്ങണം; കുടിവെള്ള പ്രശ്നത്തിന് ശാശ്വതമായ പരിഹാരം എന്നുണ്ടാകുമെന്നറിയാതെ കൊയിലാണ്ടി നഗരസഭയിലെ പെരുങ്കുനി കോളനിക്കാർ


കൊയിലാണ്ടി: നഗരസഭ നാലാം വാര്‍ഡിലെ നെല്യാടി പെരുങ്കുനി കോളനിക്കാര്‍ക്ക് കുടിവെള്ളം കാലങ്ങളായി കിട്ടാക്കനിയാണ്. ശാശ്വതമായ ജല വിതരണ സംവിധാനത്തിനായി നീണ്ട നാളായുള്ള കാത്തിരിപ്പിലാണ് കോളനിയിലെ അന്‍പതിലധികം വീട്ടുകാര്‍.

പലവീട്ടുകാരും വെള്ളം പണം കൊടുത്ത് വാങ്ങിയാണ് ഉപയോഗിക്കുന്നത്,കലക്കുവെള്ളം വരുന്ന ഒന്ന് രണ്ട് മാസങ്ങളില്‍ മാത്രമാണ് നഗരസഭ ടാങ്കര്‍ ലോറിയില്‍ കോളനിയിലേക്ക് വെള്ളമെത്തിക്കുന്നത്. ബാക്കി സമയങ്ങളിലെല്ലാം കുടിക്കാനോ മറ്റ് പ്രാഥമികാവശ്യങ്ങള്‍ക്കോ ഉള്ള വെള്ളംപോലും പണം കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്. ഓരോ തവണ വെള്ളം വാങ്ങുമ്പോഴും 350 രൂപയോളമാണ് ചിലവാകുന്നതെന്നും അത് തങ്ങള്‍ക്ക് താങ്ങാനാവുന്നതല്ലെന്നും കോളനി നിവാസി രഗിന കൊയിലാണ്ടി ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു.

അരട്ടന്‍കണ്ടി കുടിവെള്ള പദ്ധതി പത്തുവർഷംമുമ്പ് വന്നെങ്കിലും ഒരാഴ്ച വരെ മാത്രമേ അതുവഴി ശുദ്ധജലം ലഭ്യമായുള്ളൂ, പിന്നീട് വന്നത് ഉപ്പുവെള്ളമാണ്. പൂര്‍ണപരാജയമായ ആ കുടിവെള്ള പദ്ധതിക്ക് വേണ്ടി സ്ഥാപിച്ച വാട്ടര്‍ പൈപ്പ് മാത്രമാണ് ഇപ്പോള്‍ മിച്ചമുള്ളത്.

തുടര്‍ന്ന് വന്ന പദ്ധതിയും ആവശ്യത്തിന് വെള്ളമെത്തിക്കാന്‍ സാധിക്കാത്തതിനാല്‍ ഫലം കണ്ടില്ല. ആവശ്യക്കാര്‍ക്ക് വെള്ളമെടുക്കാനായി കോളനിയില്‍ വലിയ ഒരു വാട്ടര്‍ ടാങ്ക് സ്ഥാപിച്ചെങ്കിലും അതും ഇപ്പോള്‍ കാടുമൂടിക്കിടക്കുകയാണ്.

തട്ടാരിക്കുന്നിലെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കിണറില്‍ നിന്ന് വെള്ളം വീടുകളിലേക്ക് എത്തിക്കുമെന്ന് പറഞ്ഞ് നഗരസഭ ഭരണസമിതി 25 ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയാണ് അവസാനമായി മാറിപ്പോയത്.

പദ്ധതി എസ്റ്റിമേറ്റ് എടുത്തിട്ട് പ്രവര്‍ത്തി തുടങ്ങാനുള്ള ടെണ്ടറിലേക്ക് പോവാന്‍ നില്‍ക്കുമ്പോഴാണ് ജപ്പാന്‍ കുടിവെള്ള പദ്ധതിയ്ക്കായി കിഫ്ബി 120 കോടി അനുവദിച്ചത്.

കേന്ദ്ര സര്‍ക്കാരിന്‍റെ അമൃത് പദ്ധതിയില്‍ നിന്ന് ഇരുപതു കോടിയും നഗരസഭാ വിഹിതത്തില്‍ നിന്ന് രണ്ട് കോടിയും വകയിരുത്തിക്കൊണ്ട് ജപ്പാന്‍ കുടിവെള്ള പദ്ധതി നടപ്പിലാവാന്‍ പോവുകയാണ്,ഏകദേശം മാര്‍ച്ച് മാസത്തോടെ അത് നടപ്പിലാകുമെന്നും പെരുങ്കുന് കോളനിയിലെ വീടുകള്‍ക്ക് താമസിയാതെ വെള്ളം ലഭ്യമാകുമെന്നുമാണ് നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ രമേശന്‍ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞത്.

ജപ്പാന്‍ കുടിവെള്ള പദ്ധതി വരുന്നതുവരെ താല്‍ക്കാലികമായ ജലലഭ്യത ഉറപ്പുവരുത്തണമെന്ന ആവശ്യമാണ് നിലവില്‍ പെരുങ്കുനിക്കാര്‍ മുന്നോട്ട് വെക്കുന്നത്.