ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തില്‍ കൊയിലാണ്ടിയും; ഹാര്‍ബര്‍ നവീകരണത്തിനായി കോടികള്‍


കൊയിലാണ്ടി: കൊയിലാണ്ടിയിലെ മത്സ്യബന്ധന മേഖലയ്ക്കും തൊഴിലാളികള്‍ക്കും പ്രതീക്ഷയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം. കൊയിലാണ്ടിയിലേതടക്കം സംസ്ഥാനത്തെ പ്രധാന ഹാര്‍ബറുകളുടെ നവീകരണത്തിന് ബജറ്റില്‍ തുക അനുവദിക്കുമെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.

സര്‍ക്കാറിനെ സംബന്ധിച്ച് ഏറെ പ്രാമുഖ്യം നല്‍കുന്ന മേഖലയാണ് മത്സ്യബന്ധന മേഖല. മത്സ്യബന്ധ മേഖലയിലെ ആധുനിക വത്കരണത്തിനാണ് ഊന്നല്‍ നല്‍കുന്നത്. ഒപ്പം തന്നെ മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ സര്‍ക്കാറിനെ സംബന്ധിച്ച് പ്രധാനമാണ്. ഇതിനായി എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ഇന്‍ഷുറന്‍സ് കവറേജ് ഉറപ്പാക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പ്രസംഗത്തില്‍ സൂചിപ്പിക്കുന്നു.

തീരശോഷണം നേരിടുന്ന മേഖലയിലെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന പുനര്‍ഗേഹം പദ്ധതിയില്‍ ഇതുവരെ 470 വീടുകളും 390 ഫ്‌ളാറ്റുകളും നല്‍കി. ഹാര്‍ബര്‍ എഞ്ചിനിയറിങ് ഡിപ്പാര്‍ട്ട്‌മെന്റ് മത്സ്യബന്ധന മേഖലയിലെ ആധുനിക വത്കരണത്തിനുവേണ്ടിയുള്ള ശ്രമങ്ങള്‍ തുടരും.

തിരുവനന്തപുരത്തെ മുട്ടത്തറ, മലപ്പുറത്തെ പൊന്നാനി, കൊയിലാണ്ടി എന്നിവിടങ്ങളില്‍ ഫിഷിങ് ഹാര്‍ബര്‍, മത്സ്യമാര്‍ക്കറ്റ്, മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ ഒരുക്കുന്നതിനും ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കുന്നതുമായി പണം ചെലവഴിക്കുമെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.

കൊയിലാണ്ടി ഹാര്‍ബറിലെതടക്കമുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ പ്രാമുഖ്യം നല്‍കുമെന്ന് നയ പ്രഖ്യാപന പ്രസംഗത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും ഇത് വലിയ പ്രതീക്ഷയാണെന്നും എം.എല്‍.എ കാനത്തില്‍ ജമീല കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പ്രതികരിച്ചു.