സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അഖിലകേരള വായനോത്സവം; ഹൈസ്‌കൂള്‍തലത്തില്‍ ഒന്നാമതെത്തി നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി നിത സിത്താര


പയ്യോളി: സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച സംസ്ഥാനതല വായനോത്സവത്തിന്റെ ഭാഗമായി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാമതെത്തി നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി നിത സിത്താര. മുതിര്‍ന്നവരുടെ വിഭാഗം ഒന്നില്‍ ഇടുക്കി ജില്ലയിലെ കോലാനി ജനരഞ്ജിനി വായനശാലയിലെ ബിന്‍ഷ അബൂബകറും മുതിര്‍ന്നവരുടെ വിഭാഗം രണ്ടില്‍ എറണാകുളം ജില്ലയിലെ ആലുവ പി.കെ വേലായുധന്‍ മെമ്മോറിയല്‍ വിദ്യാവിനോദിനി ലൈബ്രറിയിലെ എ.എം അശോകനും ഒന്നാം സ്ഥാനവും നേടി.

ഇരിങ്ങല്‍ സര്‍ഗാലയ ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജില്‍ രണ്ടുദിവസമായി നടന്ന സംസ്ഥാനതല അഖിലകേരള വായനോത്സവം ഇന്നലെ സമാപിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി അഖില കേരള വായനോത്സവവും മുതിര്‍ന്നവര്‍ക്കുവേണ്ടി വായനാ മത്സരവും സംഘടിപ്പിച്ചത്. സമാപന സമ്മേളനം എഴുത്തുകാരന്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു.

ഹൈസ്‌കൂള്‍, താലൂക്ക്, ജില്ല, സംസ്ഥാനം എന്നീ നാല് തലങ്ങളിലായാണ് അഖില കേരള വായന മത്സരം സംഘടിപ്പിച്ചത്. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍,16 വയസു മുതല്‍ 25 വയസുവരെയുള്ളവര്‍, 25 വയസിനു മുകളില്‍ പ്രായമുള്ളവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ നിന്നായി 42 പേരാണ് സംസ്ഥാനതല വായനാ മത്സരത്തില്‍ മാറ്റുരച്ചത്. സാഹിത്യകാരന്മാരായ സുഭാഷ് ചന്ദ്രന്‍, പി.കെ ഗോപി, ബി.എം സുഹറ എന്നിവരുമായി മത്സരാര്‍ത്ഥികള്‍ സര്‍ഗ്ഗ സംവാദം നടത്തി. പി.വി.കെ പനയാല്‍ മോഡറേറ്ററായി.

14 ജില്ലകളില്‍ നിന്നുള്ള 42 മത്സരാര്‍ഥികളാണ് കഴിഞ്ഞ രണ്ട് ദിവസമായി നടന്ന എഴുത്തുപരീക്ഷ, അഭിമുഖം, മെഗാ ക്വിസ് എന്നിവയില്‍ പങ്കെടുത്തത്.

ചടങ്ങില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ മധു അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ അജിത് കൊളാടി, കെ ചന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രന്‍ സ്വാഗതവും കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.വി രാജന്‍ നന്ദിയും പറഞ്ഞു. വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നിര്‍വഹിച്ചു.