ഇനി വേർതിരിവുകളില്ല, അവർ ഒന്നിച്ചു പഠിക്കും; കൊയിലാണ്ടി ഗേള്‍സ് സ്‌കൂള്‍ മിക്‌സഡ് സ്കൂളായിക്കിയാതായി ഔദ്യോഗിക പ്രഖ്യാപനം


കൊയിലാണ്ടി: കാത്തിരിപ്പുകൾക്ക് വിരാമമം, കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ഇനി മുതൽ ആൺകുട്ടികൾക്കും പഠിക്കാം. ഇന്ന് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖല കഴിഞ്ഞ ആറ് വർഷമായി വലിയ മാറ്റത്തിനാണ് സാക്ഷിയായതെന്നും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വിപ്ലവകരമായ മാറ്റമാണ് വരുത്തിയതെന്നും മന്ത്രി പറഞ്ഞു. പുതിയതായി നിർമിച്ച ലാബ് – ലൈബ്രറി കെട്ടിടം ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.

കൊയിലാണ്ടി മണ്ഡലത്തിന്റെ വികസനപ്രവർത്തനങ്ങൾക്കായി അനുവദിച്ച തുകയിൽ എം എൽ എ ഫണ്ട് ഉൾപ്പെടെ എട്ട് കോടി രൂപയാണ് വിദ്യാഭ്യാസ മേഖലക്ക് മാത്രമായി മാറ്റിവെച്ചിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുകോടി രൂപ ചെലവഴിച്ചാണ് മികച്ച സൗകര്യങ്ങളോടെ ലാബ് – ലൈബ്രറി കെട്ടിടം നിർമിച്ചത്. പുതുതായി സ്‌കൂളിന് അനുവദിച്ച എസ് പി സി യൂണിറ്റിന്റെ ഔദ്യോഗിക പ്രഖ്യാപനവും ചടങ്ങിൽ നടന്നു.

ചടങ്ങിൽ കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ. മുരളീധരൻ എം.പി മുഖ്യാതിഥിയായി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭാരവാഹികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സന്നിഹിതരായ ചടങ്ങിൽ നഗരസഭ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട് സ്വാഗതവും പ്രിൻസിപ്പൽ എ പി പ്രബീത് നന്ദിയും പറഞ്ഞു.

1921 ൽ കൊയിലാണ്ടിയിൽ സഥാപിതമായ ഡിസ്ട്രിക്ട് ബോർഡ് ഹൈസ്കൂൾ വിഭജിച്ചാണ് പെൺകുട്ടികൾക്ക് മാത്രമായി 1961 ൽ കൊയിലാണ്ടി ഗേൾസ് ഹൈസ്കൂളിന് രൂപം കൊടുത്തത്. 61 വർഷങ്ങൾക്ക് ശേഷം വിദ്യാലയത്തിൽ ആൺ-പെൺ വ്യത്യാസമില്ലാതെ വിദ്യാർത്ഥികൾ ഒരു മിച്ചിരുന്നു പഠിക്കാൻ സാഹചര്യം ഒരുങ്ങുകയാണ്.

1961 ല്‍ ഒന്ന് മുതല്‍ അഞ്ചാം ക്ലാസ് വരെ പന്തലായനി എലിമന്ററി സ്‌കൂളായി പ്രവര്‍ത്തനമാരംഭിച്ച ഈ സ്‌കൂള്‍ ആ വര്‍ഷം തന്നെ ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. അന്നുമുതല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് സ്‌കൂളില്‍ പ്രവേശനം ലഭിച്ചിരുന്നത്. പിന്നീട് 1997 ല്‍ +1 ബാച്ച് ആരംഭിച്ചു. ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ആയി മാറി. പ്ലസ്ടുവിലും പെണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം നല്‍കിയിരുന്നത്. ഇപ്പോള്‍ യു.പി.വിഭാഗത്തില്‍ 508 ഉം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 1026 ഉം ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 574 ഉം ഉള്‍പ്പെടെ ആകെ 2108 വിദ്യാര്‍ത്ഥിനികള്‍ ഇവിടെ പഠനം നടത്തി വരുന്നു.

സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന നീണ്ട നാളത്തെ പോരാട്ടങ്ങൾക്കാണ് വിജയം കണ്ടത്. ഇതേ ആവശ്യവുമായി രണ്ടുവര്‍ഷം മുമ്പേ പി.ടി.എ സര്‍ക്കാറിനെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം നീണ്ടുപോകുകയായിരുന്നു. പി.ടി.എയുടെ തീരുമാനത്തെ എം.എല്‍.എ ശക്തമായി പിന്തുണയ്ക്കുകയും അതിനുവേണ്ടിയുള്ള ഇടപെടല്‍ നടത്തുകയും ചെയ്തിരുന്നു.

[bot1]