രണ്ട് നിലകളിലായി ആറ് ക്ലാസ് മുറികളും ടോയ്‌ലറ്റ് സൗകര്യവും; ആവള ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് വിദ്യാഭ്യാസ മന്ത്രി


ചെറുവണ്ണൂര്‍: ആവള ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കിഫ് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. രണ്ട് നിലകളിലായി ആറ് ക്ലാസ് മുറികളും ടോയ്ലറ്റുമുള്‍പ്പെടെയുള്ള സൗകര്യമാണ് പുതിയ കെട്ടിടത്തില്‍ ഒരുക്കിയിരിക്കുന്നത്.


ഒരു കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ഹൈസ്‌കൂള്‍ വിഭാഗത്തിന് വേണ്ടി പുതിയ കെട്ടിടം നിര്‍മിച്ചത്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പാളായി വിരമിക്കുന്ന എ.പി. ബാബുവിനുള്ള യാത്രയയപ്പും നടന്നു. ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

പ്രവര്‍ത്തന റിപ്പോര്‍ട്ട് ചെറുവണ്ണൂര്‍ പഞ്ചായത്തിലെ അസി.എന്‍ജിനീയര്‍ കെ.എം. രാജിയും സ്‌കൂള്‍ വികസന പ്രോജക്ട് റിപ്പോര്‍ട്ട് സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ എം.കുഞ്ഞമ്മദ് മാസ്റ്ററും, അക്കാദമിക് റിപ്പോര്‍ട്ട് ഹെഡ്മാസ്റ്റര്‍ ബാബു പയ്യത്തും അവതരിപ്പിച്ചു. വിരമിക്കുന്ന അധ്യാപകനുള്ള ഉപഹാര വിതരണം മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രിക്കുള്ള ഉപഹാരം സത്യന്‍ ചോല കൈമാറി.

ഹയര്‍ സെക്കന്ററി ലൈബ്രറിയിലേക്ക് ഇ. പത്മനാഭന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം കുടുംബാംഗങ്ങള്‍ നല്‍കുന്ന പുസ്തകങ്ങള്‍ പ്രിന്‍സിപ്പാള്‍ എ.പി. ബാബു ഏറ്റുവാങ്ങി. ചെറുവണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. പ്രവിത, ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി.എം. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.


[bot1]