ആടുകറിയുണ്ട്, കോഴിക്കറിയുണ്ട്, മീനുകള്‍ കരിയാതെ പൊരിച്ചതുണ്ട്, ബീഫും പൊറോട്ടയുമുണ്ട് പോരാത്തതിന് കിടിലന്‍ ഇളനീര്‍ ജ്യൂസും; ഇതാ കൊയിലാണ്ടിയിലെ പുതിയ ഭക്ഷണ കേന്ദ്രം ‘കൊല്ലം ചിറയോരം


ജിന്‍സി ബാലകൃഷ്ണന്‍

കൊയിലാണ്ടി: കൊല്ലം ചിറയും പരിസരവും കൊയിലാണ്ടിയുടെ ഭക്ഷണ കേന്ദ്രമായി മാറുന്നു. വൈകുന്നേരം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനും ഭക്ഷണം കഴിച്ച് മടങ്ങാനും നിരവധിപേരാണ് ദിവസവും ഇവിടെ എത്തുന്നത്. കൂടാതെ ദേശീയ പാതയിലൂടെ കടന്നുപോകുന്ന ദീര്‍ഘ ദൂര യാത്രക്കാര്‍ ഇപ്പോള്‍ ഭക്ഷണത്തിനും വിശ്രമത്തിനുമായി തിരഞ്ഞെടുക്കുന്നതും ഇടംകൂടിയായി കൊല്ലംചിറ ഭാഗം മാറിയിരിക്കുകയാണ്.

കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തിനുള്ളിലാണ് കൊല്ലം ചിറ പ്രദേശത്ത് ഇത്രവലിയ മാറ്റമുണ്ടാകുന്നത്. ചിറ നവീകരിച്ചതും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ളതുമടക്കം നിരവധി കാരണങ്ങള്‍ കൊല്ലം ചിറ പ്രദേശത്തിന്റെ വികസനത്തിനു പിന്നിലുണ്ടെന്നാണ് പത്തുവര്‍ഷത്തോളമായി ഇവിടെ ഇളനീര്‍ ജ്യൂസ് കട നടത്തുന്ന ദിനേശന്‍ പറയുന്നത്. ദിനേശന്റെ ഇളനീര്‍ ജ്യൂസ് പ്രസിദ്ധമാണ്. ദൂരദിക്കുകളില്‍ നിന്നു പോലും നിരവധിയാളുകള്‍ ഇളനീര്‍ ജ്യൂസിന്റെ മധുരം നുകരാന്‍ ഇവിടെയെത്താറുണ്ട്.

” ഞാന്‍ ഇവിടെ കട ആരംഭിക്കുന്ന സമയത്ത് എന്റെ കട മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. ദിവസം 150 രൂപയുടെ പോലും കച്ചവടം നടക്കാത്ത ഇടമായിരുന്നു ഇത്. ഇതിനിടയില്‍ ചിറ നവീകരിച്ചത് ഏറെ ഗുണം ചെയ്തു. കൂടാതെ കൊയിലാണ്ടി നഗരത്തില്‍ പല ഹോട്ടലുകൡലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമില്ല. കാറുകളിലും മറ്റുമായി കുടുംബത്തോടെ എത്തുന്നവര്‍ മിക്കയാളുകളും കൊയിലാണ്ടി ആശ്രയിക്കാതെ സ്വസ്ഥമായി വാഹനം പാര്‍ക്ക് ചെയ്ത് ഭക്ഷണം കഴിച്ചുപോകാം എന്ന് കരുതി ഇവിടെയുള്ള കടകളില്‍ വരുന്നുണ്ട്.” അദ്ദേഹം പറഞ്ഞു.

കുടുംബശ്രീയുടെ ജനകീയ ഹോട്ടല്‍ ഉള്‍പ്പടെ ഹോട്ടലുകളും റസ്‌റ്റോറന്റുകളുമായി ഒമ്പതോളം കടകളാണ് വിവിധ ഭക്ഷണ വിഭവങ്ങളുമായി ഇവിടെയെത്തുന്ന സന്ദര്‍ശകരെ വരവേല്‍ക്കുന്നത്. ഇളനീര്‍ ജ്യൂസുകള്‍ വില്‍ക്കുന്ന നാല് കടകളുമുണ്ട്. പെപ്‌സിയും കൊക്കക്കോളയുമൊക്കെ ഇഷ്ടപ്പെടുന്നവര്‍ ഇപ്പോള്‍ കുറവാണെന്നും ആളുകള്‍ പ്രകൃതിയിലേക്ക് മടങ്ങുകയാണെന്നും അതാണ് ഇളനീര്‍ ജ്യൂസുകള്‍ക്ക് പ്രിയമേറാന്‍ കാരണമെന്നും ദിനേശന്‍ പറയുന്നു. വൃത്തിയിലും രുചിയോടെയും നല്‍കിയാല്‍ ഏത് ഭക്ഷണത്തിനും ആളുകളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം ചിറയ്ക്ക് സമീപത്തുള്ള നഗരസഭ കുട്ടികളുടെ പാര്‍ക്കും കുട്ടികളോടൊപ്പം സായാഹ്നം ചെലവിടാന്‍ കുടുംബങ്ങള്‍ക്ക് അവസരം ഒരുക്കുന്നു. മുമ്പ് എന്നെങ്കിലും ഒന്നോ രണ്ടോ ആളുകള്‍ മാത്രം വന്നിരുന്ന ഈ പാര്‍ക്ക് ഇപ്പോള്‍ ഒഴിവുദിവസങ്ങളിലെല്ലാം നിറഞ്ഞുനില്‍ക്കുന്ന കാഴ്ചയാണ്. കൊല്ലം ചിറയില്‍ നീന്തല്‍ പഠിക്കാനായി എത്തുന്നവരും ഇവിടം സജീവമാക്കുന്നു.

വിനോദസഞ്ചാര കേന്ദ്രമായ കൊല്ലം പാറപ്പള്ളി ബീച്ചും പിഷാരികാവ് ക്ഷേത്രവും ഇതിന് തൊട്ടടുത്താണ്. ഇവിടെയെത്തുന്നവര്‍ കൊല്ലം ചിറഭാഗത്തുകൂടി അല്പസമയം ചെലവഴിച്ച് പോകുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

കൊല്ലം ചിറയുടെ ഒന്നാം ഘട്ട നവികരണം പൂര്‍ത്തിയായതിന് ശേഷമാണ് ഈ പ്രദേശം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ നമ്പാര്‍ഡിന്റെ സഹായത്തോടെ മൂന്നരക്കോടി രൂപ ചെലവഴിച്ചാണ് ചിറയുടെ പ്രൗഢി വീണ്ടെടുത്തത്. ചിറയിലെ ചളി മുഴുവനും എടുത്തുമാറ്റി നാലുഭാഗത്തും പടവുകള്‍ കെട്ടി ആവശ്യമായ കുളക്കടവുകളും ഉണ്ടാക്കിയാണ് നവീകരിച്ചത്.

രണ്ടാംഘട്ട നവീകരണത്തിന് ബജറ്റില്‍ നാലുകോടി അനുവദിച്ചിട്ട് രണ്ടുവര്‍ഷത്തോളമായി. സൗന്ദര്യവത്കരണ പ്രവൃത്തിക്കള്‍ക്കാണ് രണ്ടാംഘട്ടത്തില്‍ ഊന്നല്‍ കൊടുക്കുന്നത്. ചിറയ്ക്ക് സമീപം നടപ്പാത, ഓപ്പണ്‍ ജിം, ലൈറ്റിങ് സൗകര്യങ്ങള്‍ എന്നിവയാണ് ഒരുക്കുന്നത്. ഉദ്യോഗസ്ഥ തലത്തിലുള്ള മെല്ലെപ്പോക്കാണ് പ്രവൃത്തി നീണ്ടുപോകാന്‍ കാരണമാകുന്നതെന്നാണ് വിവരം. പ്രവൃത്തി നടത്താന്‍ ഊരാളുങ്കല്‍ സൊസൈറ്റിയെ ചുമതലപ്പെടുത്തുകയും ഡി.പി.ആര്‍ തയ്യാറാക്കി ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് സാങ്ഷന്‍ കമ്മിറ്റിക്ക് മുമ്പാകെ ഇത് വയ്‌ക്കേണ്ടതുണ്ട്. സെപ്റ്റംബര്‍ 26ന് സമര്‍പ്പിക്കുന്ന എ.എസ് കമ്മിറ്റിയുടെ പരിഗണനയില്‍ കൊല്ലം ചിറ നവീകരണ വിഷയം കൊണ്ടുവരാന്‍ ടൂറിസം ഡപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കാനത്തില്‍ ജമീല എം.എല്‍.എ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.