സൈക്കിളിലോ, അതും ലണ്ടനിലേക്ക്! സൈക്കിളില്‍ ലോകം ചുറ്റാനൊരുങ്ങി അത്തോളി സ്വദേശി ഫായിസ് അഷ്‌റഫ് അലി


അത്തോളി: യാത്രകളെ ഇഷ്ടപ്പെടുന്നവരാണ് ഭൂരിപക്ഷം പേരും, എന്നാല്‍ പലപല കാരണത്താല്‍ അവ സാധ്യമാക്കാന്‍ സാധിക്കാറില്ല. വീടിനടുത്തെങ്കില്‍ പോലും അവിടെപോകാന്‍ ഇതുവരെ കഴിഞ്ഞില്ലെന്ന് പറയുന്ന ഒരു സുഹൃത്തെങ്കിലും നമുക്കുണ്ടാകും. എന്നാല്‍ തന്റെ സ്വപ്‌നയാത്ര സൈക്കിളിലാക്കി ലോകം ചുറ്റാനിറങ്ങിയിരക്കുകയാണ് അത്തോളി സ്വദേശി ഫായിസ് അഷ്‌റഫ് അലി. വിപ്രോയില്‍ എന്‍ജിനീയറായിരുന്ന ഫായിസ് ജോലി ഉപേക്ഷിച്ചാണ് സൈക്കിളില്‍ രാജ്യങ്ങള്‍ കീഴടക്കാനൊരുങ്ങിയത്. ഭാര്യ അസ്മിന്റെയും കുടുംബത്തിന്റെയും പൂര്‍ണ പിന്തുണ ഫായിസിന്റെ യാത്രകള്‍ക്ക് കരുത്ത് പകരുന്നു.

കോഴിക്കോട് നിന്നും സിംഗപ്പൂരിലേക്കായിരുന്നു ഫായിസിന്റെ ആദ്യ യാത്ര. ആദ്യ യാത്രയ്ക്ക് കൂട്ടിനായി സുഹൃത്ത് ഒപ്പമുണ്ടായിരുന്നെങ്കില്‍ ഇത്തവണ ഒറ്റയ്ക്ക് ലോകം ചുറ്റാനാണ് ഫായിസിന്റെ തീരുമാനം. ലണ്ടനിലേക്കാണ് ഇത്തവണത്തെ യാത്ര. ഇതുവരെ ആരും ചെയ്യാത്ത യാത്രയായതിനാല്‍ ആരോടും അഭിപ്രായം ചോദിക്കാനാകില്ല. എന്നാല്‍ ഫായിസിന്റെ മനസില്‍ വ്യക്തമായൊരു പ്ലാനുണ്ട്. ഒരു സ്‌പോണ്‍സറെ ലഭിച്ചാല്‍ കഴിവതും വേഗത്തില്‍ യാത്ര ആരംഭിക്കാം. യാത്ര എപ്പോള്‍ അവസാനിപ്പിക്കണമെന്നോ, എങ്ങനെ അവസാനിപ്പിക്കണമെന്നോ തീരുമാനിച്ചിട്ടില്ല. എല്ലാം വരുന്നിടത്തു വെച്ച് കാണാമെന്നാണ് ഫായിസ് പറയുന്നത്.

കോഴിക്കോട് നിന്നും സിംഗപ്പൂര്‍ വരെയായിരുന്നു ഫായിസിന്റെ ആദ്യയാത്ര. സൈക്കിളില്‍ 8000 കിലോ മീറ്റര്‍ താണ്ടി 104 ദിവസം കൊണ്ട് ഇന്ത്യ, നേപ്പാള്‍, ബൂട്ടാന്‍, മ്യാന്‍മര്‍, തായ്ലന്‍ഡ്, മലേഷ്യ എന്നീ രാജ്യങ്ങള്‍ കടന്നാണ് ഫായിസ് സിംഗപ്പൂരിലെത്തിയത്. റോട്ടറി ക്ലബ്ബിന്റെ സ്‌പോണ്‍സര്‍ഷിപ്പിലൂടെയായിരുന്നു യാത്ര.

ഇന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങളിലൂടെ യാത്രചെയ്താണ് ഫായിസ് മ്യാന്‍മറില്‍ എത്തിയത്. യാത്രയ്ക്കിടെ ഒറീസ ഹൈവേയില്‍ വച്ച് ഫോണ്‍ രണ്ടുപേര്‍ ചേര്‍ന്ന് തട്ടിയെടുത്തു. ആശയവിനിമയം മുടങ്ങിയെങ്കിലും മനസ് മടിച്ചില്ല, യാത്ര തുടര്‍ന്നു. ഇത്തരത്തിലുള്ള പല ദുരനുഭവങ്ങളും യാത്രയ്ക്കിടെ ഫായിസിന് നേരിടേണ്ടിവന്നിട്ടുണ്ട്.

സിംഗപ്പൂരിലേക്കുള്ള യാത്രക്കിടയില്‍ ചെന്നൈയിലെ ചിന്നസേലം എന്ന സ്ഥലത്തെത്തിയപ്പോള്‍ യാത്ര ശുഭകരമായി പൂര്‍ത്തീകരിക്കാന്‍ അവിടുത്തെ നാട്ടുകാരനായ ഒരു മനുഷ്യന്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു അമ്ബലത്തില്‍ കൊണ്ടുപോയി ഒരു പൂജ ചെയ്തു. അങ്ങനെ ജീവിതത്തിലാദ്യമായി ഒരു അമ്ബലത്തിലും കയറിയെന്ന് ഫായിസ് പറയുന്നു. ആദ്യ യാത്രയില്‍ കൂടുതല്‍ ആകര്‍ഷിപ്പിച്ചത് തായ്ലാന്‍ഡിലൂടെയുള്ള യാത്രയാണെന്നും ഫായിസ് പറയുന്നു.

സാമ്പത്തിക പ്രതിസന്ധിയാണ് ഓരോ യാത്രകള്‍ക്കും വില്ലനാകുന്നത്. ഫായിസും അത് നേരിടുന്നുണ്ട്. സ്‌പോണ്‍സറെ ലഭിച്ചാല്‍ യാത്ര പെട്ടന്നു നടത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഫായിസ്. യാത്രയ്ക്കായി സര്‍ക്കാര്‍ സഹായവും തേടിയിട്ടുണ്ട്. ഇതിനായി യാത്രയുമായി ബന്ധപ്പെട്ട രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്.