ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പ് നിയമസഭയിലുന്നയിച്ച് കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ; അന്വേഷണം ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി


കുറ്റ്യാടി: ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പിനിരയായവര്‍ കുളങ്ങരത്താഴ നടത്തുന്ന അനിശ്ചിതകാല സമരത്തിനെതിരെ നടത്തിയ അക്രമത്തില്‍ പരിക്കേറ്റവരെ കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ സന്ദര്‍ശിച്ചു. ജ്വല്ലറി തട്ടിപ്പിനിരയായവരെ ഭീഷണിപ്പെടുത്തി അപായപ്പെടുത്താന്‍ ശ്രമിക്കുന്ന കാര്യം ഗൗരവമുള്ളതാണെന്നും വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപത്തട്ടിപ്പ് വിഷയം നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ചിരുന്നു. അന്വേഷണം ഊര്‍ജിതമായി നടത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ അറിയിച്ചിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.

കുറ്റ്യാടി, കല്ലാച്ചി, പയ്യോളി എന്നിവിടങ്ങളിലെ ഗോള്‍ഡ് പാലസ് ജ്വല്ലറി ഉടമകളാണ് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനിരകളായവര്‍ കഴിഞ്ഞ 22 ദിവസമായി ഉടമകളുടെ പ്രദേശമായ കുളങ്ങരത്താഴയില്‍ സമരത്തിലാണ്. കഴിഞ്ഞ വെള്ളിയാഴ്ച സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാര്‍ക്കെതിരെയാണ് ബൈക്ക് കയറ്റി അക്രമം നടത്തിയത്. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ കുറ്റക്കാരുടെ പേരില്‍ കുറ്റ്യാടി പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു.