പുതിയ ഇന്ത്യയ്ക്കായുള്ള കാഴ്ചപ്പാടുകള്‍ പങ്കുവച്ചു; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഇംഗ്ലീഷ് ഉപന്യാസത്തില്‍ എ ഗ്രേഡിന്റെ തിളക്കവുമായി അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ അലോക


സ്വന്തം ലേഖകൻ

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയതിന്റെ സന്തോഷത്തിലാണ് അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ അലോക അനുരാഗ്. ഇംഗ്ലീഷ് ഉപന്യാസ രചനയിലാണ് അലോക മികച്ച നേട്ടം കൈവരിച്ചത്. കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് അലോക സംസ്ഥാന കലോത്സവത്തിലേക്ക് ചുവടുവച്ചത്.

പുതിയ ഇന്ത്യയ്ക്കായുള്ള കാഴ്ചപ്പാടുകള്‍ (The vision for a new India) എന്ന വിഷയമാണ് ഇംഗ്ലീഷ് ഉപന്യാസ രചനയ്ക്കായി നല്‍കിയത്. അലോക ഉള്‍പ്പെടെ 15 പേരാണ് ഉപന്യാസ രചനയില്‍ പങ്കെടുത്തത്. മത്സരത്തിൽ എ ഗ്രേഡ് നേടിയ അലോകയ്ക്ക് ജെ.ആർ.സിയുടെ ഐ.ടി കോ-ഓർഡിനേറ്റർ രോഷിത്ത് ട്രോഫി സമ്മാനിച്ചു.

അലോക അനുരാഗ്


യാതൊരു ബുദ്ധിമുട്ടുമില്ലാതെ നല്ലരീതിയില്‍ എഴുതാന്‍ തനിക്ക് കഴിഞ്ഞുവെന്ന് അലോക കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മറ്റാരുടെയും സഹായമില്ലാതെ സ്വയം പരിശീലിച്ചാണ് അലോക തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചത്. ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ് അലോക ഇംഗ്ലീഷ് ഉപന്യാസരചനയ്ക്കായുള്ള പരിശീലനം നടത്തിയത്. സംസ്ഥാനതല മത്സരത്തിന് മുന്നോടിയായി ധാരാളം വായിക്കുകയും വീഡിയോകള്‍ കാണുകയും ചെയ്തുവെന്നാണ് അലോക പറയുന്നത്.

അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥിനിയാണ് അലോക. സയന്‍സാണ് പഠിക്കുന്നതെങ്കിലും എഴുത്തിനോടും വായനയോടും ഏറെ താല്‍പ്പര്യമുണ്ട് ഈ കൊച്ചുമിടുക്കിക്ക്. ഈ താല്‍പ്പര്യം കൊണ്ടാണ് അലോക ഇംഗ്ലീഷ് ഉപന്യാസ രചനയി പങ്കെടുക്കാനായി തീരുമാനിച്ചതും.


Also Read: കരുത്തായി സ്വയം നേടിയ പരിശീലനവും ആത്മവിശ്വാസവും, കൈപ്പിടിയിലൊതുക്കി വിജയം; ജില്ലാ കലോത്സവത്തിലെ ഇംഗ്ലീഷ് ഉപന്യാസരചനയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ അരിക്കുളം കെ.പി.എം.എസ്.എം എച്ച്.എസ്.എസ്സിലെ അലോകയുടെ വിശേഷങ്ങൾ – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ….


ആദ്യമായാണ് അലോക സംസ്ഥാന തല മത്സരത്തില്‍ പങ്കെടുത്തത്. ആദ്യമായി പങ്കെടുത്ത സംസ്ഥാന മത്സരത്തില്‍ തന്നെ എ ഗ്രേഡ് നേടിയതിന്റെ ത്രില്ലിലാണ് അലോകയും കുടുംബവും. മേപ്പയ്യൂരിന് സമീപം കൊഴുക്കല്ലൂരിലാണ് അലോകയുടെ വീട്. അനുരാഗിന്റെയും ലീനയുടെയും മകളാണ്. നാലാം ക്ലാസില്‍ പഠിക്കുന്ന അദ്വികയാണ് അലോകയുടെ കുഞ്ഞനിയത്തി.