കുട്ടിക്കാലം മുതലേ ജനങ്ങളുമായി ഏറ്റവും ഇഴുകി ചേര്‍ന്ന് പൊതുരംഗത്ത് പ്രവര്‍ത്തിച്ചയാള്‍, പാമ്പുകടിയേറ്റതും പൊതുസേവനത്തിനിടെ; കണ്ണീരോടെ സി.കെ.രാജീവന് വിടനല്‍കി കായണ്ണ


കായണ്ണ: ആരെങ്കിലും വന്ന് കണ്ട് ഒരു പ്രശ്‌നം പറഞ്ഞാല്‍, രാത്രിയെന്നോ പകലെന്നോ ചിന്തിക്കാതെ അത് പരിഹരിക്കാന്‍ തന്നാലാവുന്നത് ചെയ്യാന്‍ ഇറങ്ങിപ്പോകുന്നവരുണ്ട്. ആ പ്രശ്‌നം പരിഹരിക്കാനുള്ള നെട്ടോട്ടത്തിനിടെ സ്വന്തം ആരോഗ്യം വരെ മറക്കുന്നവര്‍. അങ്ങനെയൊരാളായിരുന്നു കായണ്ണക്കാര്‍ക്ക് സി.കെ.രാജീവന്‍ എന്ന ചെട്ട്യാംകണ്ടി രാജീവന്‍. വീട്ടില്‍ നിന്നുള്ള രാജീവന്റെ ഒടുവിലത്തെ ഇറങ്ങിപ്പോക്കുപോലും അങ്ങനെയൊരു പ്രശ്‌നപരിഹാരത്തിലേക്കായിരുന്നു. പക്ഷേ മടങ്ങിവന്നില്ലെന്ന് മാത്രം.

രാജീവന്റെ നേതൃത്വത്തില്‍ നാട്ടില്‍ നടപ്പിലാക്കിയ പാടിക്കുന്ന് കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയത് നന്നാക്കാനായി അദ്ദേഹം പോയത്. മാര്‍ച്ച് 16ന് വൈകുന്നേരമാണ് സംഭവം. തകരാര്‍ പരിഹരിക്കാനുള്ള ആളെ വിളിപ്പിച്ച് ആള് വന്നപ്പോള്‍ കൂടെ പോയതാണ്. കിണറിനടുത്തെത്തി പൊട്ടിയ പൈപ്പ് നന്നാക്കുകയായിരുന്നു. ഇതിനിടയിലാണ് പാമ്പിനെ ചവിട്ടിപ്പോയതും കടിയേറ്റതും. ഉടനെ തന്നെ ജീപ്പില്‍ ബാലുശ്ശേരിയിലെ ആശുപത്രിയിലും അവിടെനിന്നും തുടര്‍ ചികിത്സയ്ക്കായി ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലുമെത്തിച്ചു.

ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിലെത്തിയതെങ്കിലും തുടര്‍ന്ന് നടത്തിയ ചികിത്സയില്‍ സുഖം പ്രാപിച്ചുവരികയായിരുന്നു. കഴിഞ്ഞദിവസം വാര്‍ഡിലേക്ക് മാറ്റി. നാളെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ഡോക്ടര്‍ പറഞ്ഞതാണ്. എന്നാല്‍ ഇന്നലെ അര്‍ധരാത്രിയോടെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

40 വര്‍ഷത്തിലേറെയായി കായണ്ണയില്‍ ജനങ്ങളുമായി ഏറ്റവും ഇഴുകി ചേര്‍ന്ന് പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ് രാജീവന്‍. കൗമാരക്കാരുടെ പ്രിയ നേതാവായിരുന്നു അദ്ദേഹം. അവരുടെ പ്രിയപ്പെട്ട രാജീവേട്ടന്‍. നാട്ടിലെ കലാകായിക മേളകളുടെയും നേതൃനിരയില്‍ രാജീവേട്ടന്‍ യുവാക്കള്‍ക്കൊപ്പമുണ്ടായിരുന്നു.

സി.പി.എം കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗവും പാടിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചുവരവെയായിരുന്നു വിയോഗം. കര്‍ഷക തൊഴിലാളി യൂണിയന്റെ പഞ്ചായത്ത് ജോയിന്‍ സെക്രട്ടറി, കായണ്ണ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, കൈരളി ലേബര്‍ കോണ്ട്രാക്ട് സൊസൈറ്റി ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ സി.പി.എം കായണ്ണ ലോക്കല്‍ കമ്മിറ്റി ഓഫീസിലെത്തിച്ച മൃതദേഹം അവിടെ പൊതുദര്‍ശനത്തിനുശേഷം വീട്ടിലേക്ക് കൊണ്ടുപോകുകയും നാലുമണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയും ചെയ്തു. പ്രിയ സഖാവിനെ ഒരുനോക്കുകാണാന്‍ നിരവധി പേരാണ് കായണ്ണയിലെ വീട്ടിലും പാര്‍ട്ടി ഓഫീസിലുമായെത്തിയത്.

പരേതരായ കേളപ്പന്റെയും കുട്ടൂലിയുടെയും മകനാണ്. ബാങ്ക് ജീവനക്കാരിയായ പുഷ്പയാണ് ഭാര്യ. മകന്‍ അലന്‍.പി.രാജീവ് വിദ്യാര്‍ഥിയാണ്.

രാഘവന്‍, ബാലകൃഷ്ണന്‍, സത്യന്‍ (കോക്കല്ലൂര്‍ എച്ച്.എസ് അധ്യാപകന്‍) ഗിരിജ വിജയന്‍ തെരുവത്ത് കടവ്, ഗിരീഷ് എന്നിവര്‍ സഹോദരങ്ങളാണ്.