കണ്ണൂരിലെ ട്രെയിനിലെ തീപിടുത്തം; സി.സി.ടി.വിയിലെ ആളെ തിരിച്ചറിഞ്ഞതായി സൂചന; കുടുങ്ങിയത് ഇന്ധന ഡിപ്പോയിലെ ക്യാമറയില്‍


കണ്ണൂര്‍: റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ ട്രെയിനിന് സമീപത്ത് കണ്ടയാളെ തിരിച്ചറിഞ്ഞതായി സൂചന. റെയില്‍വേ ട്രാക്കിന് സമീപത്തുള്ള ബി.പി.സി.എല്‍ ഇന്ധന ഡിപ്പോയുടെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ട്രെയിനിന് സമീപത്തു കൂടി ഒരാള്‍ നടന്നു പോവുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.

തീപിടുത്തമുണ്ടാകുന്നതിനു മുമ്പ് ഇയാള്‍ ട്രെയിനിനടുത്ത് ഉണ്ടായിരുന്നു. പോലീസ് ഇയാളെ തിരിച്ചറിഞ്ഞെന്നും കസ്റ്റഡിയിലായെന്നുമാണ് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട 16306 നമ്പര്‍ കണ്ണൂര്‍ – ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന് തീ പിടിച്ചത്.

പിന്‍ഭാഗത്ത് ജനറല്‍ കോച്ചിനായിരുന്നു തീ പിടിച്ചത്. സ്ഥലത്തെത്തിയ അഗ്നിശമന സേന രാത്രി 2.20 ഓടെയാണ് തീ പൂര്‍ണമായും അണച്ചത്. തുടക്കത്തില്‍ തന്നെ സംഭവത്തില്‍ ദുരൂഹത സംശയിച്ചിരുന്നു. പെട്രോള്‍ പോലുള്ള ഇന്ധനം ഒഴിച്ച് തീ കൊളുത്തിയതാവാം എന്നതായിരുന്നു പ്രധാന സംശയം.

കഴിഞ്ഞ മാസം ഇതേ ട്രെയിനിലായിരുന്നു ഡല്‍ഹി സ്വദേശിയായ ഷാരൂഖ് സെയ്ഫി സഹയാത്രികരുടെ മേല്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. പോലീസില്‍ നിന്നും റെയില്‍വേയില്‍ നിന്നുമാണ് വിവരങ്ങള്‍ തേടുന്നത്. എലത്തൂര്‍ ട്രെയിന്‍ തീവെച്ച് കേസും അന്വേഷിക്കുന്നത് എന്‍.ഐ.എ സംഘമാണ്.