ചുറ്റുംകെട്ടിയ പതിനാറ് പന്തങ്ങളില്‍ എരിഞ്ഞുയരുന്ന അഗ്നി, രൗദ്രഭാവത്തില്‍ കനലില്‍ ചാത്തന്റെ ചുവടുകള്‍; കണയങ്കോട് ശ്രീ കിടാരത്തില്‍ തലച്ചിലോന്‍ ക്ഷേത്രത്തിലെ ജനസഞ്ചയത്തിന് ഭയമൂറും കാഴ്ചയായി തീക്കുട്ടിച്ചാത്തന്‍


‘വട്ടമുടിയും കുമിള കണ്ണും വളര്‍ന്ന താടിയും കൃഷ്ണ നിറം ശേഖരിച്ച മുഖവും മാറും…
എട്ടു ദിക്കോളം വളര്‍ന്നീടും മൂര്‍ത്തീ…’ കണയങ്കോട് ശ്രീ കിടാരത്തില്‍ തലച്ചില്ലോന്‍ ദേവീക്ഷേത്രത്തില്‍ ആളിക്കത്തുന്ന അഗ്‌നിപന്തങ്ങള്‍ക്ക് നടുവില്‍ തീക്കുട്ടിച്ചാത്തന്‍ നിറഞ്ഞാടിയപ്പോള്‍ അഗ്നിച്ചൂടകലെ മാറിനിന്ന് ഇമവെട്ടാതെ ആട്ടം കാണുന്ന ഓരോ കണ്ണുകളിലും സൂക്ഷിച്ചുനോക്കിയാല്‍ കാണാം ഒരു കുഞ്ഞുതീക്കുട്ടിച്ചാത്തനെ. തീക്കുട്ടിച്ചാത്തന്റെ തിറയാട്ടം ആ കണ്ണുകളിലുമുണ്ടെന്നു തോന്നും, അത്രമേല്‍ ശ്രദ്ധയോടെ തിറയാട്ടം കാണുകയായിരുന്നു കൊയിലാണ്ടിക്കാര്‍.

ഇടങ്കാരവും വലങ്കാരവും മുറുകി ദേവന്‍ അഗ്നിനടനമാടുമ്പോള്‍ അഗ്നിതെളിയിച്ച പന്തങ്ങളില്‍ നിന്നും തെറിച്ചെത്തുന്ന തീപ്പൊരികള്‍ മഞ്ഞുനിറഞ്ഞ പുലര്‍കാലത്തിന് സ്വര്‍ണച്ചുവപ്പേകി. പതിവുപോലെ നിധീഷ് കുറുവങ്ങാടാണ് ഇത്തവണയും തിറകെട്ടിയാടിയത്. ശരീരത്തിന് ചുറ്റും കെട്ടിനിര്‍ത്തിയ 16 വലിയ പന്തങ്ങളില്‍ ആളിക്കത്തുന്ന തീ ചൂടിലും എരിയുന്ന പ്ലാവിന്റെ കനലില്‍ ചവിട്ടി തീക്കുട്ടിച്ചാത്തന്‍ താളത്തിനൊത്ത് ചുവടുവെച്ചു. ചെണ്ടയും ഇലത്താളവും മുറുകുന്നതനുസരിച്ച് ചാത്തന്റെ നൃത്തത്തിന്റെ ചുവടും മുറുകി. തീക്കുട്ടിച്ചാത്തന്റെ ഭാവം രൗദ്രമാണ്. ചുറ്റുമെരിയുന്ന അഗ്നിഗോളങ്ങള്‍ ആ രൗദ്രത്തെ ഏറ്റും.

കോഴിക്കോടും കണ്ണൂരുമുള്ള അപൂര്‍വ്വം ചില ക്ഷേത്രങ്ങളിലാണ് തീക്കുട്ടിച്ചാത്തന്‍ തിറ കെട്ടിയാടുന്നത്. കുട്ടിച്ചാത്തനെ കാളകാട്ടച്ചന്‍ ദുര്‍മന്ത്രവാദം ചെയ്ത് കഷ്ണങ്ങളാക്കി തീയില്‍ ഹോമിച്ചപ്പോള്‍ തെറിച്ചുപോയ കഷ്ണങ്ങളില്‍ തീയില്‍ വീണതാണ് തീക്കുട്ടിച്ചാത്തന്‍.

ഓരോ നാടിനുമനുസരിച്ച് തീക്കുട്ടിച്ചാത്തന്‍ തിറയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും വ്യത്യസ്തമാണ്. കാളകാട്ടില്ലത്തെ ആശ്രിതനായ ചാത്തനെ വെട്ടിനുറുക്കി 448 കഷ്ണങ്ങളാക്കി അത് 41 ദിവസം നാല്പാമര വിറകില്‍ ഹോമം ചെയ്ത് 41ാം ദിവസം തീക്കുട്ടിച്ചാത്തന്‍ ഉടലെടുത്തുവെന്നാണ് കിടാരത്തില്‍ ആടുന്ന തിറയുടെ പിന്നിലെ ഐതിഹ്യം.

ബുധനാഴ്ചയായിരുന്നു കിടാരത്തില്‍ ക്ഷേത്രത്തിലെ പ്രധാന തിറകള്‍. വൈകുന്നേരം മൂന്നുമണിയോടെ തീക്കുട്ടിച്ചാത്തന്‍ വെള്ളാട്ടും 3.30ന് ഗുളികന്‍ വെള്ളാട്ടും നടന്നു. തുടര്‍ന്ന് താലപ്പൊലിയും രാത്രി ഒമ്പതുമണിക്ക് ഭഗവതി വെള്ളാട്ടും 9.30ന് ഗുളികന്‍ തിറയും നടന്നു. പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു തീക്കുട്ടിച്ചാത്തന്‍ തിറ. നാലുമണിക്ക് ഭഗവതി തിറയും നടന്നു.