”എന്തുകൊണ്ട് വടകര എം.പി വീട്ടുപടിക്കലേക്ക് സമരം നടത്തിക്കൂടാ?” ദേശീയപാതയുടെ ശോചനീയാവസ്ഥയ്‌ക്കെതിരെ ജനങ്ങള്‍ എം.എല്‍.എയുടെ വീട്ടുപടിക്കലാണ് സമരം ചെയ്യേണ്ടതെന്നു പറഞ്ഞ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദുല്‍ഖിഫിലിന് മറുപടിയുമായി കാനത്തില്‍ ജമീല എം.എല്‍.എ


കൊയിലാണ്ടി: ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ കാരണമുണ്ടായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ സമരം ചെയ്യേണ്ടത് എം.എല്‍.എയുടെ വീട്ടുപടിക്കലാണ് എന്നു പറഞ്ഞുള്ള ജില്ലാ പഞ്ചായത്ത് മെമ്പറും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ദുല്‍ഖിഫിലിന്റെ പത്രക്കുറിപ്പിന് മറുപടിയുമായി കാനത്തില്‍ ജമീല എം.എല്‍.എ. ‘മലര്‍ന്നുകിടന്ന് തുപ്പരുത്’ എന്നാണ് തനിക്ക് ദുല്‍ഖിഫിലിനോട് പറയാനുള്ളതെന്നാണ് ദേശീയപാതയുമായി ബന്ധപ്പെട്ട വസ്തുതകള്‍ നിരത്തി കാനത്തില്‍ ജമീല പറയുന്നത്.

ദേശീയപാതയുടെ നിര്‍മ്മാണം പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. സ്ഥലം ഏറ്റെടുത്ത് നല്‍കലും പുനരധിവാസവുമായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ ചുമതല. ഇത് ഭംഗിയായി നിറവേറ്റിയിട്ടുണ്ട്. നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്ന വാഗാഡ് കമ്പനിയ്‌ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. നാടിന്റെ കാലാവസ്ഥയും ഭൂപ്രകൃതിയും പരിഗണിക്കാതെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാരണം നിരന്തരമുണ്ടാകുന്ന പ്രശ്‌നങ്ങളോട് ജില്ലാ പഞ്ചായത്ത് മെമ്പറും അദ്ദേഹത്തിന്റെ പാര്‍ട്ടിയും എങ്ങനെയാണ് ഇടപെട്ടതെന്നാണ് എം.എല്‍.എ ചോദിക്കുന്നത്.

ജില്ലാ പഞ്ചായത്ത് മെമ്പറുടെ പാര്‍ട്ടിയിലെ നേതാവും സുഹൃത്തുമായ മുന്‍ എം.പി കെ.മുരളീധരനും നിലവിലെ എം.പി ഷാഫി പറമ്പിലും ദേശീയപാതയുടെ പ്രവര്‍ത്തനത്തില്‍ ഏതെങ്കിലും ഘട്ടത്തില്‍ ഇടപെട്ടിട്ടുണ്ടോയെന്നും അവര്‍ ചോദിക്കുന്നു. ”വാഗാഡിന്റെ പ്രവര്‍ത്തനം മോശമാണ് എന്ന് നിധിന്‍ ഗഡ്ഗരിയുടെ വകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടോ? സര്‍വീസ് റോഡ് , അണ്ടര്‍ പാസ് വിഷയങ്ങളില്‍ ഇടപെട്ടിട്ടുണ്ടോ? ഇപ്പോഴത്തെ എംപി ഷാഫി പറമ്പില്‍ ഈ വിഷയത്തില്‍ ഇനിയും ഇടപെടാത്തത് എന്തുകൊണ്ടാണ്? കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ട് വരാനും ഇടപെടല്‍ നടത്താനും ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്ന നിലയില്‍ നിങ്ങള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടോ? എന്തുകൊണ്ട് ഷാഫിയുടെ വീട്ടു പടിക്കലേക്ക് സമരം നടത്തിക്കൂടാ?” എന്നും കാനത്തില്‍ ജമീല ചോദിക്കുന്നു.

കാനത്തില്‍ ജമീലയുടെ മറുപടി പൂര്‍ണരൂപം:

നാഷണല്‍ ഹൈവേയുടെ പ്രവൃത്തിയുടെ ഭാഗമായി നിരവധി പ്രശ്‌നങ്ങളാണ് തിരുവങ്ങൂര്‍ മുതല്‍ മൂരാട് വരെ ഭാഗങ്ങളില്‍ ജനങ്ങള്‍ അനുഭവിക്കുന്നത്. പല ഭാഗങ്ങളിലും റോഡുകള്‍ തകര്‍ന്നതും വെള്ളക്കെട്ടും കാരണം വാഹനങ്ങള്‍ക്ക് പോകാനാകാത്ത സ്ഥിതിയാണ്. കൂടാതെ ജനങ്ങള്‍ക്ക് അത്യാവശ്യമായ ഇടങ്ങളില്‍ പോലും അണ്ടര്‍ പാസ് ലഭിക്കാത്തതിന്റെ ഭാഗമായി ശക്തമായ ജനകീയ സമരങ്ങള്‍ നടക്കുന്നു. ഇത്തരത്തില്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി കലക്ടറുടെ സാന്നിധ്യത്തിലും ജനപ്രതിനിധികളെയും എന്‍.എച്ച്.എ.ഐ അധികൃതരെ പങ്കെടുപ്പിച്ചും നിരവധി യോഗങ്ങളാണ് വിളിച്ചു ചേര്‍ത്തത്.

പയ്യോളി ഭാഗങ്ങളില്‍ റോഡില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഒഴുക്കിവിടുന്നതിന് സ്ഥലം കണ്ടെത്തുന്നതിന് പയ്യോളി മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തുകയും നിരവധി തവണ പ്രദേശം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ വെള്ളം ഒഴുക്കിവിടുന്നതിനുള്ള സ്ഥലം കാണിച്ചു കൊടുക്കുന്നതിന് മുന്‍സിപ്പാലിറ്റി അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഗതാഗത പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ഉള്‍പ്പെടെ ശക്തമായ സമരത്തിലാണ്.

വസ്തുതകള്‍ ഇതായിരിക്കെ ഇന്ന് ജില്ലാ പഞ്ചായത്ത് മെമ്പറും യൂത്ത് കോണ്‍സ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ദുല്‍ഖിഫില്‍ – ന്റെ നിര്‍ഭാഗ്യകരമായ ഒരു പത്രക്കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം പറയുന്നത് ജനങ്ങള്‍ സമരം ചെയ്യേണ്ടത് എം.എല്‍.എയുടെ വീട്ടുപടിക്കലാണ് എന്നാണ്. എന്നാല്‍ മലര്‍ന്നു കിടന്ന് തുപ്പരുത് എന്നാണ് എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്.
ഹൈവേയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വസ്തുതകള്‍ ഇങ്ങനെയാണ്.
നിര്‍മ്മാണം പൂര്‍ണമായും സെന്‍ട്രല്‍ ഗവണ്മെന്റ് നിയന്ത്രണത്തിലാണ്. ഇതില്‍ സംസ്ഥാന സര്‍ക്കാറിന്റെ ചുമതലയായ സ്ഥലം ഏറ്റെടുക്കലും പുനരധിവാസവും ഭംഗിയായി നിറവേറ്റിയിട്ടുണ്ട്. പദ്ധതിയുടെ ബാക്കി നടപടി ക്രമങ്ങള്‍ കേന്ദ്ര സര്‍ക്കാരാണ് ചെയ്യേണ്ടത്. പദ്ധതി അദാനി ഗ്രൂപ്പ് കരാര്‍ എടുക്കുന്നു. അദാനി സബ് കോണ്‍ട്രാക്ട് വാഗാഡ് കമ്പനിക്ക് നല്കുന്നു. വാഗാഡിന്റെ പ്രവൃത്തിയില്‍ ഒട്ടനവധി പരാതികള്‍ ഉയര്‍ന്നു വന്നു. നമ്മുടെ നാടിന്റെ കാലാവസ്ഥയെ കുറിച്ച് ഒരു ധാരണയുമില്ലാതെയാണ് അവര്‍ ഈ ജോലിയുമായി മുന്നോട്ട് പോയത്. ഇതിന്റെ ഭാഗമായുണ്ടായ നിരന്തര പ്രശ്‌നങ്ങളോട് ജില്ലാ പഞ്ചായത്ത് മെമ്പറും അദ്ദേഹത്തിന്റെ പാര്‍ട്ടിയും എങ്ങനെയാണ് ഇടപെട്ടത്?

അദ്ദേഹത്തിന്റെ നേതാക്കളും സുഹൃത്തുക്കളുമായിട്ടുള്ളവരാണ് മുന്‍ എം.പി കെ .മുരളീധരനും ഇപ്പോഴത്തെ എം.പി ഷാഫി പറമ്പിലും. മുന്‍ എം പി ഹൈവേയുടെ പ്രവര്‍ത്തനത്തില്‍ ഏതെങ്കിലും ഘട്ടത്തില്‍ ഇടപെട്ടിട്ടുണ്ടോ?
വാഗാഡിന്റെ പ്രവര്‍ത്തനം മോശമാണ് എന്ന് നിധിന്‍ ഗഡ്ഗരിയുടെ വകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടോ?
സര്‍വീസ് റോഡ്, അണ്ടര്‍ പാസ് വിഷയങ്ങളില്‍ ഇടപെട്ടിട്ടുണ്ടോ?

ഇപ്പോഴത്തെ എംപി ഷാഫി പറമ്പില്‍ ഈ വിഷയത്തില്‍ ഇനിയും ഇടപെടാത്തത് എന്ത് കൊണ്ടാണ് ?
കേന്ദ്ര ത്തിന്റെ ശ്രദ്ധയില്‍ കൊണ്ട് വരാനും ഇടപെടല്‍ നടത്താനും ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്ന നിലയില്‍ നിങ്ങള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടോ?.
എന്തുകൊണ്ട് ഷാഫിയുടെ വീട്ടു പടിക്കലേക്ക് സമരം നടത്തിക്കൂടാ?
ആദ്യം അനുവദിച്ച അണ്ടര്‍ പാസ്സേജ് കൂടാതെ പിന്നീട് നിരന്തരമായി ഇടപെട്ടതിന്റെ ഭാഗമായാണ് തിക്കോടി പഞ്ചായത്ത്, മൂടാടി ഹില്‍ബസാര്‍ റോഡ്, ആനക്കുളം, പൊയില്‍കാവ്, പൂക്കാട് തുടങ്ങിയ അണ്ടര്‍ പാസ് അനുവദിച്ചത് . പരമാവധി ഞങ്ങള്‍ ഈ വിഷയത്തില്‍ ഇടപെടുന്നുണ്ട്. അന്നൊന്നും ജില്ലാപഞ്ചായത്ത് മെമ്പര്‍ ദുല്‍ഖിഫിലിനേയോ കെ മുരളീധരന്‍ എം പി യേയോ ഇത്തരം വിഷങ്ങളില്‍ ഇടപെട്ടതായി നമ്മളാരും കണ്ടിട്ടില്ല. ഇനിയും ഒരു ജനപ്രതിനിധി എന്ന നിലയില്‍ സജീവമായി ഇടപെടുകയും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യും.