ഉയരങ്ങള്‍ കീഴടക്കി ‘കാടകലം’; ചക്കിട്ടപാറ സ്വദേശിയുടെ തിരകഥയില്‍ വിരിഞ്ഞ ചലച്ചിത്രം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക്…


പേരാമ്പ്ര:  ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ചക്കിട്ടപാറ സ്വദേശിയുടെ തിരക്കഥയില്‍ വിരഞ്ഞ ചലച്ചിത്രം. പെരിയാര്‍ വാലി ക്രീയേഷന്‍സ്‌ന്റെ ബാനറില്‍ ചക്കിട്ടപാറ സ്വദേശി ജിന്റോ തോമസ്, സഖില്‍ രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതിയ കാടകലം സിനിമയമാണ് റെയിന്‍ ഇന്റര്‍നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപെട്ടത്.

സഖില്‍ രവീന്ദ്രന്‍ സംവിധാനം ചെയ്ത് 2021 സെപ്റ്റംബര്‍ 22-നു പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കാടകലം. മാസ്റ്റര്‍ ഡാവിഞ്ചി സതീഷും, സതീഷ് കുന്നോത്തുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കാടിന്റെ നന്മയും നിലനില്‍പും പ്രമേയമാക്കിയ സിനിമ ഇതിനോടകം തന്നെ ഒട്ടേറെ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ട്രാവന്‍കൂര്‍ ഇന്റര്‍നാഷനല്‍ ഫിലിം അവാര്‍ഡ്, ബ്രിട്ടനിലെ ഫസ്റ്റ് ടൈം ഫിലിം മേക്കര്‍ അവാര്‍ഡ്, ധന്‍ബാദ് ഇന്റര്‍നാഷനല്‍ ഫിലിം അവാര്‍ഡ് എന്നിങ്ങനെ നിരവധി അവാര്‍ഡുകള്‍ കാടകലം ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്.

ആമസോണ്‍ യുകെ, യുഎസ് പ്ലാറ്റുഫോമുകളിലും നീസ്ട്രീം, റൂട്ട്‌സ് എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളിലുമാണ് കാടകലം റിലീസ് ചെയ്തത്. ബി.കെ. ഹരിനാരായണന്റെ വരികളില്‍ പി.എസ്. ജയഹരി സംഗീതം ചെയ്ത് ബിജിബാല്‍ ആലപിച്ച, ‘കനിയേ…’ എന്നു തുടങ്ങുന്ന കാടകലത്തിലെ ഗാനം ഇതിനോടകം തന്നെ ശ്രദ്ധേയമാണ്.