തൃശ്ശൂരിലേക്ക് പോയത് വേണ്ടത്ര ആലോചിക്കാതെ; വടകരയില്‍ തെറ്റുപറ്റിയെന്നും കെ മുരളീധരൻ
കോഴിക്കോട്: ‘എന്ത് കാര്യവും ആലോചിച്ചു മാത്രമേ ചെയ്യാന്‍ പാടൂള്ളൂവെന്നും ഈ ഇലക്ഷന്‍ തന്നെ പഠിപ്പിച്ചത് ആ വലിയ കാര്യമാണെന്നും മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ കെ.മുരളീധരന്‍. വടകരയില്‍ തെറ്റുകാരന്‍ ഞാനാണ്. തനിക്ക് അവിടെ നിന്നും പോയി തൃശ്ശൂരില്‍ മത്സരിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വടകരയില്‍ നിന്നും കൊണ്ട് പോയി തോല്‍പിച്ചു എന്ന് തോന്നുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിക്കവെയാണ് തൃശ്ശൂരില്‍ മത്സരിക്കാനുള്ള തീരുമാനം തെറ്റായിരുന്നെന്ന് മുരളീധരന്‍ പറഞ്ഞത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ പരാജയപ്പെട്ടതിന് കാരണം പരമ്പരാഗതമായി കിട്ടുന്ന വോട്ടുകളിൽ വന്ന വിള്ളലാണ്. തോൽവിയിൽ ഒരാൾക്കെതിരെയും പരാതി പറഞ്ഞിട്ടില്ല. ഇനി പരാതി പറയുകയുമില്ല. തോൽവിയെ കുറിച്ച് അന്വേഷിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിക്കേണ്ട ആവശ്യവുമില്ലെന്നും പല തരത്തിലുള്ള അന്വേഷണ കമ്മീഷനെ കണ്ടിട്ടുള്ള ആളാണ് താനെന്നും മുരളീധരൻ പറഞ്ഞു.
പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുമെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ വരുമ്പോൾ സജീവമാകും. അതുവരെ ഒരു ഇടവേള എടുക്കുകയാണ്. വയനാട് സീറ്റ് തരേണ്ട ഒരാവശ്യവുമില്ല. തന്നാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിനും പ്രസക്തിയില്ല. ഇനിയൊരു തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മനസ്ഥിതിയിലല്ല ഇപ്പോളുള്ളത്. രാജ്യസഭയിലേക്ക് ഒരു കാരണവശാലും പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിന് ഒരുപാട് നേതാക്കള്‍ ഉണ്ട്. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് സുധാകരന്‍ തന്നെ തുടരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുരളീധരനെ അനുനയിപ്പിക്കാൻ കോൺഗ്രസിൽ ശ്രമം തുടരുന്നതിനിടെയാണ് അദ്ദേഹം നിലപാട് കടുപ്പിച്ചത്.