‘ബ്രിട്ടീഷ് നിരീക്ഷകരുടെ കണ്ണുവെട്ടിച്ച് സ്ഫോടകവസ്തുക്കള്‍ നിറച്ച പെട്ടിയുമായി കുഞ്ഞിരാമ കിടാവ് കൊയിലാണ്ടിയിൽ നിന്ന് വണ്ടികയറി’; പതിനേഴാം വയസ്സിൽ ഫറോക്ക് പാലം ബോംബ് വെച്ച് തകർത്ത ക്വിറ്റ് ഇന്ത്യാ സമര പോരാളി മൂടാടിയിലെ കുഞ്ഞിരാമൻ കിടാവിനെ അറിയാം


സ്വന്തം ലേഖകൻ

കൊയിലാണ്ടി: ഗാന്ധിയനായ അച്ഛന്റെ അഹിംസാവാദിയല്ലാത്ത മകന്‍, ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള ക്വിറ്റിന്ത്യാ സമരത്തില്‍ മലബാറിലെ മുന്നണിപ്പോരാളിയായ ടി.പി കുഞ്ഞിരാമന്‍ കിടാവിനെ ഇങ്ങനെ വിശേഷിപ്പിക്കാം. അച്ഛന്‍ കേരളഗാന്ധി എന്നറിയപ്പെടുന്ന കെ. കേളപ്പന്‍ അഹിംസയില്‍ അടിയുറച്ചുനിന്നുകൊണ്ടാണ് പോരാടിയതെങ്കില്‍ മകനെ സ്വാധീനിച്ചത് കോണ്‍ഗ്രസിലെ തീവ്രനിലപാടുള്ള ചെറുപ്പക്കാരായിരുന്നു.

ക്വിറ്റിന്ത്യാ സമരത്തിന്റെ ആവേശം മലബാറിലേക്ക് അലയടിച്ച് വരുമുമ്പ് തന്നെ പ്രധാനപ്പെട്ട നേതാക്കളില്‍ പലരും ജയിലിലായി. മലബാറിലെ പ്രധാന നേതാക്കളായ കെ. കേളപ്പന്‍, ഇ. മൊയ്തു മൗലവി, കോഴിപ്പുറത്ത് മാധവമേനോന്‍, എ. ബാലഗോപാല്‍, എ.വി. കുട്ടിമാളുഅമ്മ, ഇ. അമ്മുക്കുട്ടിഅമ്മ, കെ. ലക്ഷ്മിക്കുട്ടിഅമ്മ തുടങ്ങിയവരെയും അറസ്റ്റുചെയ്തു. ഗവണ്‍മെന്റിന്റെ ആയുധശക്തിയെ വെല്ലുവിളിച്ചുകൊണ്ട് സമരം ശക്തിതെളിയിച്ചു. കീഴരിയൂര്‍ ബോംബ് സ്‌ഫോടനവും തുടര്‍ന്ന് ബ്രിട്ടീഷ് പൊലീസ് കീഴരിയൂരില്‍ നടത്തിയ അഴിഞ്ഞാട്ടവുമൊന്നും പ്രക്ഷോഭവീര്യം കെടുത്തിയില്ല. പ്രധാന നേതാക്കളെ തുറങ്കലിലിട്ടും ജാഥകളും പ്രക്ഷോഭങ്ങളും നിരോധിച്ചും ബ്രിട്ടീഷുകാര്‍ സമരം ആളിപ്പടരുന്നത് ഒഴിവാക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഇതോടെ ഒളിപ്രവര്‍ത്തനങ്ങള്‍ സജീവമായി. കീഴരിയൂര്‍ ബോംബ് കേസിലും തുടര്‍ന്നുള്ള ഒളിപ്രവര്‍ത്തനങ്ങളിലുമെല്ലാം സജീവമായിരുന്നു കുഞ്ഞിരാമന്‍ കിടാവ്.

1943 ഏപ്രില്‍ 30ന് ഫറോക്ക് പാലത്തിന്റെ തൂണ്‍ ബോംബ് വെച്ച് തകര്‍ക്കാന്‍ കിടാവിന്റെ നേതൃത്വത്തിലുള്ള യുവാക്കളുടെ സംഘം തീരുമാനിച്ചു. മലബാറിനെ മദിരാശിയുമായി ബന്ധിപ്പിക്കുന്ന പാലങ്ങള്‍ തകര്‍ത്ത് ബ്രിട്ടീഷ് സഞ്ചാരം പൂര്‍ണമായി തടയുകയായിരുന്നു ലക്ഷ്യം. കോഴിക്കോട് കെ.പി.സി.സി ഓഫീസായിരുന്നു ഇതിനായുള്ള ആലോചനാ കേന്ദ്രം. ബോംബിനായുളള ഡയനാമെറ്റുകളും മറ്റും കോലാര്‍ സ്വര്‍ണഖനിയില്‍ നിന്ന് രഹസ്യമായി എത്തിച്ചത് ഡോ. കെ.ബി മേനോനായിരുന്നു. ഡയനാമെറ്റ് ഉരുക്കിയതും ഘടിപ്പിച്ചതും അന്ന് പതിനേഴ് വയസ് മാത്രമുണ്ടായിരുന്ന കിടാവാണ്.

ബ്രിട്ടീഷ് നിരീക്ഷകരുടെ കണ്ണുവെട്ടിച്ച് സ്‌ഫോടകവസ്തുക്കള്‍ നിറച്ച പെട്ടിയുമായി കുഞ്ഞിരാമന്‍ കിടാവ് കൊയിലാണ്ടിയില്‍ നിന്നാണ് വണ്ടികയറിയത്. ഫറോക്കിലെത്തി ദൗത്യം പൂര്‍ത്തിയാക്കാന്‍ അമാവാസി നാള്‍വരെ കാത്തിരുന്നു. രാത്രിയാണ് സ്‌ഫോടനം നടത്താന്‍ നിശ്ചയിച്ചത്. പാറാവുകാരുടെ കണ്ണില്‍പ്പെടാതെ കിടാവ് തൂണില്‍ അള്ളിപ്പിടിച്ചിരുന്ന് പാലത്തില്‍ സ്‌ഫോടനത്തിനുള്ള ബോംബ് ഘടിപ്പിച്ചു. രാത്രി 1.30ഓടെ സ്‌ഫോടനം നടത്തുകയും ചെയ്തു. രണ്ട് തൂണുകളില്‍ ബോംബ് വെച്ചിരുന്നെങ്കിലും ഒരു തൂണ്‍ മാത്രമേ തകര്‍ക്കാനായുള്ളൂ. അതിന്റെ പ്രകമ്പനം കോഴിക്കോട് നഗരത്തെ വരെ വിറപ്പിച്ചെന്നാണ് അന്നത്തെ ആളുകള്‍ പറയുന്നത്.

ലക്ഷ്യമിട്ടതുപോലെ തീവണ്ടിഗതാഗതം നിലച്ചു. കുഞ്ഞിരാമനെയും കൂട്ടാളികളെയും തേടി പൊലീസും പട്ടാളവും ഇറങ്ങി. കുഞ്ഞിരാമന്‍ കിടാവും കൂട്ടാളികളും ഒളിവില്‍ പോയി. ഒപ്പം പ്രവര്‍ത്തിച്ചിരുന്ന ചിലര്‍ അകത്തായി. കുഞ്ഞിരാമന്‍ കിടാവാണെന്ന് കരുതി ഏതോ ഒരു യാത്രക്കാരനെ പൊലീസ് അറസ്റ്റു ചെയ്തു. എന്നാല്‍ ഇതിനിടയില്‍ കിടാവ് മുംബൈയിലേക്ക് തീവണ്ടി കയറിക്കഴിഞ്ഞിരുന്നു.

മുംബൈയിലും അഹമ്മദാബാദിലുമൊക്കെ അന്വേഷണം നടത്തിയിട്ടും കിടാവിനെ പിടികൂടാന്‍ ബ്രിട്ടീഷുകാര്‍ക്കായില്ല. ബ്രിട്ടീഷ് ഭരണം അവസാനിക്കുന്നതുവരെ കിടാവ് ഒളിവില്‍തന്നെയായിരുന്നു. ചെങ്കോട്ടയില്‍ ബ്രിട്ടീഷ് പതാക താഴുമ്പോള്‍ കിടാവ് മുംബൈയിലായിരുന്നു.

മുംബൈയില്‍ ഗാര്‍ലിക് ആന്റ് ഗാര്‍ലിക് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം ഒളിവുകാലത്ത്. അവിടെ ചീഫ് എഞ്ചിനിയര്‍വരെയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജാജി മന്ത്രിയായിരുന്നപ്പോള്‍ സ്വാതന്ത്ര്യസമര സേനാനികള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിച്ചപ്പോഴാണ് കുഞ്ഞിരാമന്‍ കിടാവ് നാട്ടിലെത്തിയത്. മൂടാടിയിലെ ഒതയോത്ത് വീട്ടില്‍ മെക്കാനിക്കല്‍ എഞ്ചിനിയറിങ് ജോലിയുമായി കഴിഞ്ഞിരുന്ന കിടാവ് 1994 സെപ്റ്റംബര്‍ പത്തിന് ലോകത്തോട് വിടപറഞ്ഞു.