കെ-ഫോണ്‍: കൊയിലാണ്ടിയിലെ ഉദ്ഘാടന പരിപാടികള്‍ വരകുന്ന് ഐ.ടി.ഐയില്‍; ആദ്യ ഘട്ടം 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 14,000 വീടുകളിലും കണക്ഷന്‍
കോഴിക്കോട്: ഇന്റര്‍നെറ്റ് അവകാശമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കെ-ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം നാളെ നടക്കും. കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ വരകുന്ന് ഗവ. ഐ.ടി.ഐയില്‍ കാനത്തില്‍ ജമീല എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേ പാട്ട് അധ്യക്ഷത വഹിക്കും.
പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തില്‍ 100 വീടുകള്‍ എന്ന കണക്കില്‍ 14,000 വീടുകളിലും കെ-ഫോണ്‍ ഇന്റര്‍നെറ്റ് എത്തും.
സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്കു സൗജന്യമായും മറ്റുള്ളവര്‍ക്കു മിതമായ നിരക്കിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുകയാണു കെ-ഫോണിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. നിലവില്‍ 18000 ഓളം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ-ഫോണ്‍ മുഖേന ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിക്കഴിഞ്ഞു. 7000 വീടുകളില്‍ കണക്ഷന്‍ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ചു. അതില്‍ 748 കണക്ഷന്‍ നല്‍കി.
40 ലക്ഷത്തോളം ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കാന്‍ കഴിയുന്ന ഐടി അടിസ്ഥാന സൗകര്യങ്ങള്‍ കെ-ഫോണ്‍ ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി 2519 കിലോമീറ്റര്‍ ഒപിജിഡബ്ല്യു കേബിളിങ്ങും 19118 കിലോമീറ്റര്‍ എഡിഎസ്എസ് കേബിളിങ്ങും പൂര്‍ത്തിയാക്കി. കൊച്ചി ഇന്‍ഫോപാര്‍ക്ക് കേന്ദ്രീകരിച്ചാണ് കെ-ഫോണിന്റെ ഓപ്പറേറ്റിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. പദ്ധതിക്ക് അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ കാറ്റഗറി 1 ലൈസന്‍സും ഔദ്യോഗികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസന്‍സും നേരത്തെ ലഭ്യമായിരുന്നു.
എലത്തൂര്‍ നിയോജക മണ്ഡലതല ഉദ്ഘാടനം വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. കുരുവട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രം പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ബാലുശ്ശേരി നിയോജക മണ്ഡലതല ഉദ്ഘാടനം കെ.എം.സച്ചിന്‍ ദേവ് എം.എല്‍.എ നിര്‍വഹിക്കും. പൂവമ്പായി എ.എം ഹയര്‍സെക്കന്ററി സ്‌കൂളിലാണ് ഉദ്ഘാടനം നടക്കുക. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത അധ്യക്ഷത വഹിക്കും. കുറ്റ്യാടി മണ്ഡലതല ഉദ്ഘാടനം കുറ്റ്യാടി പഞ്ചായത്ത് ഹാളില്‍ നടക്കും. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിക്കും.
വടകര നിയോജക മണ്ഡലം പരിപാടി ഓര്‍ക്കാട്ടേരി പഞ്ചായത്ത് ഹാളില്‍ നടക്കും. കെ കെ രമ എം. എല്‍. എ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാരും ജനപ്രതിനിധികളും പങ്കെടുക്കും. പേരാമ്പ്ര നിയോജക മണ്ഡലം പരിപാടി ചക്കിട്ടപ്പാറ പഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാരും ജനപ്രതിനിധികളും പങ്കെടുക്കും.