വന്യമൃഗശല്യമില്ലാതെ കാനനഭംഗി ആസ്വദിക്കാം; യാത്രാ പാക്കേജുകളില്‍ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി ജാനകിക്കാടും
കോഴിക്കോട്: കോഴിക്കോട് ബീച്ചിലും മിഠായിത്തെരുവിനും മാനാഞ്ചിറയ്ക്കുമപ്പുറം മലയോര മേഖലകളുടെ സൗന്ദര്യം ആസ്വദിക്കാനും സഞ്ചാരികള്‍ ഏറെ. ബജറ്റ് ടൂറസം സെല്‍ കോഴിക്കോടു നിന്നും ജാനകിക്കാട്ടിലേക്ക് നടത്തുന്ന യാത്രകളില്‍ കൂടുതല്‍ ട്രിപ്പുകളും ഹൗസ് ഫുള്‍ ആവുന്നതായി കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറയുന്നു. ജാനകിക്കാട്ടിലേക്ക് ഇതിനോടകം തന്നെ നിരവധി ട്രിപ്പുകള്‍ നടത്തിക്കഴിഞ്ഞതാണ്. എങ്കിലും ഇപ്പോഴും തുടരുന്ന ട്രിപ്പുകളിലും ഒരുപാട് പേരാണ് എത്തുന്നത്.
മരുതോങ്കര ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ജാനകിക്കാട് കുറ്റിയടി പുഴയുടെ തീരത്ത് ചവറമ്മുഴി പാലത്തിനപ്പുറത്താണ്. 113 ഹെക്ടര്‍ വിസ്തീര്‍ണ്ണത്തിലാണ് കാട്. വന്യമൃഗങ്ങളൊന്നും ഇല്ലാത്തതിനാല്‍ കാനനഭംഗി യാതൊരു ബുദ്ധിമുട്ടുമില്ലാതെ തന്നെ സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാകും എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ ആഘര്‍ഷണീയത. ജില്ലയ്ക്ക് അകത്തു നിന്നും പുറത്തു നിന്നുമായി നിരവധി സഞ്ചാരികളാണ് ഒരോ യാത്രകളിലും എത്തിച്ചേരുന്നത്.
കോഴിക്കോടു നിന്നും ജാനകിക്കാട്ടിലേക്ക് കെ.എസ്.ആര്‍.ടി.സി ഒരുക്കുന്ന അടുത്ത യാത്ര നവംബര്‍ 28നാണ്. ഒരു പകല്‍ മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഈ യാത്രാ പാക്കേജ് വളരെ ചെലവ് കുറഞ്ഞത് ആയതിനാല്‍ തന്നെ ഒരു ദിവസം അടിച്ച് പൊളിക്കാന്‍ തീരുമാനിക്കുന്നവര്‍ക്ക് ഈ യാത്ര തെരഞ്ഞെടുക്കാവുന്നതുമാണ്. വെറും 360 രൂപയാണ് ഒരാളില്‍ നിന്നും ഈടാക്കുന്നത്.
കെ.എസ്.ആര്‍.ടി.സി ഒരുക്കുന്ന മറ്റൊരുയാത്ര ഈ മാസം 25 നാണ്. പാലക്കാട് മലമ്പുഴയിലേക്ക്. പാലക്കാട് നഗരത്തില്‍ നിന്നും 10 കീമീ അകലെയാണ് ഡാം സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളുടെ പശ്ചാത്തലത്തിലുള്ള റിസര്‍വോയറിന്റെയും അണക്കെട്ടിന്റെയും കാഴ്ച സഞ്ചാരികള്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്. കോഴിക്കോട് നിന്നും പുലര്‍ച്ചെ അഞ്ച് മണിക്കാണ് യാത്ര പുറപ്പെടുക. 1100 രൂപയാണ് പാക്കേജിന് ഈടാക്കുന്നത്.
ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ വാഗമണ്‍, കുമളി എന്നിവിടങ്ങളിലേക്ക് 4430 രൂപയുടെ പാക്കേജും ഉണ്ട്. 24 നാണ് യാത്ര പുറപ്പെടുന്നത്. കോഴിക്കോട് നിന്നും എട്ട് മണിക്ക് പുറപ്പെട്ട് രാവിലെയോടെ വാഗമണില്‍ എത്താം. ട്രെക്കിങ്, പൈന്‍ ഫോറസ്റ്റ്, മൊട്ടക്കുന്ന്, അഡ്വഞ്ചര്‍ പോയിന്റ്, കെഎസ്ഇബി ടണല്‍, കുമളി, കമ്പം, രാമക്കല്‍മേട് തുടങ്ങി നിരവധി സ്ഥലങ്ങള്‍ സഞ്ചാരികള്‍ക്ക് ഈ ഒരൊറ്റ പാക്കേജില്‍ ആസ്വദിക്കാനാകും.
[mid5]