നാവിൽ കൊതിയൂറും രുചിയുള്ള വിഭവങ്ങൾ വാങ്ങാനായി കൊയിലാണ്ടിക്ക് വണ്ടി കയറാം; തലയെടുപ്പുള്ള ചക്ക ഉൽപ്പന്നങ്ങളുമായി കൊയിലാണ്ടിയിൽ ചക്ക മഹോത്സവം
കൊയിലാണ്ടി: കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്ക മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. മറ്റ് പഴങ്ങളിൽ നിന്ന് വ്യത്യസ്തമായി നിരവധി ഉൽപ്പന്നങ്ങൾ ചക്കയിൽ നിന്ന് ഉണ്ടാക്കാൻ കഴിയും. ഇവയിൽ ഓരോന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.
ഈ അവധിക്കാലത്ത് കൊയിലാണ്ടിക്കാർക്ക് ചക്ക കൊണ്ടുള്ള ഉൽപ്പന്നങ്ങൾ ആസ്വദിക്കാനുള്ള അവസരം ഒരുങ്ങിയിരിക്കുകയാണ് ഇപ്പോൾ. കൊയിലാണ്ടി നഗരസഭ, കൃഷിഭവൻ, കൃഷിശ്രീ കാർഷികസംഘം എന്നിവരുടെ നേതൃത്വത്തിലുള്ള ചക്ക മഹോത്സവത്തിന് തുടക്കമായിരിക്കുകയാണ്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിന് കിഴക്കുവശമായുള്ള വിപണന കേന്ദ്രത്തിലാണ് ചക്ക മഹോത്സവം നടക്കുന്നത്.
Related News: ചക്ക വിഭവങ്ങളുടെ രുചിയറിയാം; വരുന്നു കൊയിലാണ്ടിയിൽ ചക്ക മഹോത്സവം
നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് ആദ്യ വിൽപ്പന നടത്തി ചക്ക മഹോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അഡ്വ. കെ.സത്യൻ, കൃഷി ഓഫീസർ വിദ്യ പി, മിഡ് ടൗൺ റസിഡൻസ് ഭാരവാഹി ഗോപാലകൃഷ്ണൻ, എ.ഡി.എസ് അംഗം ബാലൻ തുടങ്ങിയവർ പങ്കെടുത്തു.
ചക്ക ഹൽവ, ചക്ക പായസം, കട്ലറ്റ്, മിക്സ്ചർ, ചിപ്പ്സ്, ഉണ്ട, പപ്പടം, അച്ചാർ, ചക്ക ലഡു, മുറുക്ക്, ജിലേബി തുടങ്ങി അൻപതിൽ പരം വിഭവങ്ങളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്. ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ചന്ത ഉണ്ടാവുക. രുചികരമായ ചക്ക വിഭവങ്ങൾ ആസ്വദിക്കാനായി ഇപ്പോൾ തന്നെ കൊയിലാണ്ടിയിലേക്ക് വണ്ടി കയറിക്കോളൂ.