ചക്കപ്പുഴുക്ക്, ചക്കയപ്പം, ചക്കപ്പായസം… അങ്ങനെ ആകെ ചക്കമയം; ആര്‍ക്കുംവേണ്ടാതെയിട്ട ചക്കകള്‍ കൊണ്ടുണ്ടാക്കിയ വിഭവങ്ങളുമായി കൊയിലാണ്ടിയിലെ മിഡ്ടൗണ്‍ വിഷു ആഘോഷം
കൊയിലാണ്ടി: പാര്‍ശ്വവത്കരിക്കപ്പെട്ട പഴം എന്ന് ചക്കയെക്കുറിച്ച് പറയാറുണ്ടല്ലോ. പലരും ഒഴിവാക്കിയിട്ട ചക്കപ്പഴം ശേഖരിച്ച ഒരു ചക്കമഹോത്സവം തന്നെ സംഘടിപ്പിച്ചിരിക്കുകയാണ് കൊയിലാണ്ടി മാരാമുറ്റം ഭാഗത്തെ റസിഡന്റ്‌സ് അസോസിയേഷനായ മിഡ്ടൗണ്‍. ചക്കപ്പുഴുക്ക്, ചക്കയപ്പം, ചക്കപ്പായസം എന്നിങ്ങനെ ഇരുപത്തിയഞ്ചിലേറെ ചക്കവിഭവങ്ങള്‍ രുചിയായിരുന്നു ഇത്തവണത്തെ മിഡ്ടൗണ്‍ വിഷു ആഘോഷത്തിന്.
ആരോഗ്യത്തിന് ഒട്ടേറെ ഗുണങ്ങളും ഔഷധ ഗുണങ്ങളുമുണ്ടെന്ന് കണ്ടെത്തിയ ചക്കയും ചക്ക വിഭവങ്ങളും കൊണ്ടാവണം ഇത്തവണത്തെ വിഷു ആഘോഷം എന്ന ഉദ്ദേശത്തിലാണ് ചക്കമഹോത്സവം സംഘടിപ്പിച്ചതെന്ന് മിഡ്ടൗണ്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ശ്രീനിവാസന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ചക്ക വിഷുവിന് അഭിവാജ്യഘടകമാണ്. പ്രദേശത്തെ വീടുകളില്‍ നിന്നും ശേഖരിച്ച ചക്കകളാണ് ചക്കവിഭവങ്ങള്‍ തയ്യാറാക്കാനായി റസിഡന്റ്‌സ് അസോസിയേഷന്‍ ഉപയോഗിച്ചത്. പലരും ഒഴിവാക്കിവിട്ട ഈ ചക്കകൊണ്ടുണ്ടാക്കിയ വിഭവങ്ങള്‍ രുചിക്കാനും വാങ്ങിക്കാനുമായി നിരവധി പേരാണ് എത്തിയതെന്നും ശ്രീനിവാസന്‍ പറയുന്നു.
റസിഡന്റ്‌സ് അസോസിയേഷന്‍ ഒരുക്കിയ ചക്ക വിഭവങ്ങള്‍ക്ക് പുറമേ പാലക്കാട്ടെ ചാലിശ്ശേരി ചക്കക്കൂട്ടം ഒരുക്കിയ ഇരുപത്തിയഞ്ചോളം വിഭവങ്ങളും ചക്കമഹോത്സവത്തിന് രുചികൂട്ടി. കുറുവങ്ങാട്ടെ ജൈവ പച്ചക്കറി കര്‍ഷകനായ ബാബു സുഗതന്‍ വിളയിച്ചെടുത്ത ജൈവപച്ചക്കറികളുടെ പ്രദര്‍ശനയും വില്‍പ്പനയും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ഇതിനു പുറമേ കരോക്കെ ഗാനമേളയും സംഘടിപ്പിച്ചു.
ഉച്ചയ്ക്ക് മൂന്ന് മണിമുതല്‍ രാത്രി ഒമ്പതുമണിവരെ കൊയിലാണ്ടി ആര്‍ട്‌സ് കോളേജിലാണ് പരിപാടി നടന്നത്. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് മുഖ്യാതിഥിയായി. പരിപാടി ഡോ.ഇ.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.ശ്രീനിവാസന്‍ അധ്യക്ഷനായിരുന്നു. റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഗോപാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. രത്‌നവല്ലി ടീച്ചര്‍, സുകുമാരന്‍ മാസ്റ്റര്‍, ഇ.ചന്ദ്രന്‍ പത്മരാഗം എന്നിവര്‍ സംസാരിച്ചു.