സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് സമയത്ത് തുടങ്ങിയ പ്രശ്നങ്ങള്‍ കൊയിലാണ്ടിയിലെ കോണ്‍ഗ്രസിനെ വിട്ടൊഴിയുന്നില്ല; ബ്ലോക്ക് കമ്മിറ്റിയോഗത്തില്‍ ഹാജരാകാതെ മണ്ഡലം പ്രസിഡന്റുമാരടക്കമുള്ള ബഹുഭൂരിപക്ഷം, കമ്മിറ്റി ഭാരവാഹികള്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ചെന്ന്


കൊയിലാണ്ടി: കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായുണ്ടായ പ്രശ്‌നങ്ങളും തുടര്‍സംഭവങ്ങളും കൊയിലാണ്ടിയിലെ കോണ്‍ഗ്രസിനുള്ളില്‍ വന്‍ അസ്വാരസ്യങ്ങള്‍ക്ക് വഴിമരുന്നാകുന്നു. ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗുരുതരമായ അച്ചടക്ക ലംഘനം ആരോപിച്ച് കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയിലെ മൂന്ന് ഭാരവാഹികള്‍ക്കെതിരെ നടപടിയെടുത്തതാണ് പാര്‍ട്ടിയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

ബാങ്ക് വിഷയത്തില്‍ വിപ്പ് ലംഘിച്ച കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുരളി തോറോത്ത്, വൈസ് പ്രസിഡന്റ് സി.പി.മോഹനന്‍, ജനറല്‍ സെക്രട്ടറി ഉണ്ണിക്കൃഷ്ണന്‍ മരളൂര്‍ എന്നിവരെ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നും നീക്കിയിരുന്നു. രത്‌നവല്ലി ടീച്ചര്‍ക്ക് ബ്ലോക്ക് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നടന്ന ആദ്യ ബ്ലോക്ക് കമ്മിറ്റി യോഗത്തില്‍ നിന്നും ഭൂരിപക്ഷം നേതാക്കളും വിട്ടുനിന്നത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.

52 അംഗ കമ്മിറ്റിയാണ് ബ്ലോക്കിന്റേത്. സാധാരണ യോഗത്തില്‍ കുറഞ്ഞത് നാല്‍പ്പതുപേരെങ്കിലും പങ്കെടുക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത യോഗത്തില്‍ എട്ട് ഭാരവാഹികളും രണ്ട് എക്‌സിക്യുട്ടീവ് അംഗങ്ങളും മാത്രമേ പങ്കെടുത്തിട്ടുള്ളൂ. ഭൂരിപക്ഷം നേതാക്കളും വിട്ടുനിന്നത് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികള്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധമെന്നോണമാണെന്നാണ് വിലയിരുത്തല്‍.

പഞ്ചായത്ത് തെരഞ്ഞെടുപ്പടക്കം ആസന്നമായിരിക്കുന്ന അവസ്ഥയില്‍ കൊയിലാണ്ടിയിലെ കോണ്‍ഗ്രസിനുള്ളിലെ അസ്വാരസ്യങ്ങള്‍ പാര്‍ട്ടിയുടെ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനത്തെ വലിയ തോതില്‍ ബാധിക്കാനിടയുണ്ട്. ഇതുകൂടാതെ ആഗസ്റ്റ് 15ന് കൊയിലാണ്ടിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന റാലിയിലെ പാര്‍ട്ടി പങ്കാളിത്തത്തെയും ഈ അസ്വാരസ്യങ്ങള്‍ ബാധിക്കാനിടയുണ്ടെന്ന ആശങ്ക പാര്‍ട്ടിക്കുള്ളിലുണ്ട്.

കൊയിലാണ്ടി സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ്സിലുണ്ടായ പ്രശ്‌നങ്ങളാണ് ഈ സംഭവങ്ങളുടെയെല്ലാം തുടക്കം. അഡ്വ. കെ. വിജയനെയാണ് ഡിസിസി നേതൃത്വം ബാങ്ക് പ്രസിഡന്റാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ എ വിഭാഗക്കാരനായ ബ്ലോക്ക് പ്രസിഡന്റ് മുരളീധരന്‍ തോറാേത്ത് ഐ വിഭാഗക്കാരുടെ പിന്തുണയോടെ മത്സരിച്ച് വിജയിച്ചു. മുരളീധരനെ വൈസ് പ്രസിഡന്റാക്കാനായിരുന്നു ഡിസിസി നേതൃത്വമുണ്ടാക്കിയ ധാരണ. പിന്നാലെ ഐ വിഭാഗത്തിലെ സി.പി. മോഹനന്‍ വൈസ് പ്രസിഡന്റുമായി.

ഔദ്യോഗിക സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കെതിരെ സഹകരണ ജനാധിപത്യമുന്നണി എന്ന പേരില്‍ വിമതവിഭാഗം മത്സരരംഗത്തുവന്നിരുന്നു. കെ.പി.സി.സിയും ഡി.സി.സിയും ഇടപെട്ട് നടത്തിയ നിരന്തര ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രശ്‌നപരിഹാരമുണ്ടായത്. ഔദ്യോഗിക ലിസ്റ്റ് പ്രകാരമുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും രണ്ടുപേരെ മാറ്റി പകരം വിമതവിഭാഗം നിര്‍ദേശിച്ചവരെ ഉള്‍പ്പെടുത്തിയായിരുന്നു പ്രശ്‌നപരിഹാരം. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ വിപ്പ് ലംഘിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അടക്കമുള്ളവര്‍ക്കെതിരെ നടപടിവന്നതോടെയാണ് വീണ്ടും പാര്‍ട്ടിയ്ക്കുള്ളില്‍ അസ്വാരസ്യമുടലെടുത്തത്.