‘നാൽപ്പത് വർഷമായി ഇവിടെ താമസിക്കുന്നു, ഇതുവരെ ഇത്തരത്തിൽ വെള്ളം കയറിയിട്ടില്ല; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എല്ലാവരും ഇന്ന് രാത്രി വീട്ടിൽ നിന്ന് മാറണം, എത്ര നാളിങ്ങനെ മറ്റു വീടുകളെ ആശ്രയിക്കാനാവും’; മരളൂരില്‍ വീണ്ടും വീടുകള്‍ വെള്ളക്കെട്ടില്‍


കൊയിലാണ്ടി: വീണ്ടും വെള്ളക്കെട്ടിലായി മരളൂര്‍. ദേശീയപാത ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തികളുടെ ഭാഗമായി തോട് മണ്ണിട്ട് നികത്തിയതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് തടസപെട്ടാണ് വെള്ളകെട്ടുണ്ടായത്. തോരാതെ മഴ പെയ്തതോടെ ഇത് പറമ്പു കഴിഞ്ഞു വീടിനകത്തേക്ക് കേറിയ നിലയിലാണ്. പ്രദേശത്തെ രണ്ട് വീടുകളിലാണ് പ്രധാനമായും വെള്ളമുയർന്നത്. ഇത് വഴിയുള്ള സഞ്ചാരവും ബുദ്ധിമുട്ടായ നിലയിലാണ്.

മരളൂര്‍ പുതുക്കുടി താഴ പ്രദേശത്താണ് സംഭവം. മഴ കനത്തതോടെ ഇവിടെ നിന്നും വെള്ളം ഒഴുകിപ്പോകാത്ത അവസ്ഥയാണ്. നേരത്തെ മഴ വെള്ളം ഒഴുകി ഓവുപാലം വഴി ചാലിയിലേക്ക് പോകുമായിരുന്നു. എന്നാല്‍ ഇവിടം മണ്ണിട്ട് നികത്തിയതോടെ വെള്ളം ഒഴുകിപ്പോകാത്ത അവസ്ഥയാണ്. കൊല്ലം ചിറ ഭാഗത്തുനിന്നടക്കമുള്ള വെള്ളം ഇതുവഴിയാണ് ഒഴുകിപ്പോകുന്നത്. മെയ് പതിനെട്ടാം തീയതി സമാനമായ രീതിയിലെ പ്രശ്നമുണ്ടായതിനെ തുടർന്ന് അധികൃതർ വരുകയും വെള്ളം ഒളിച്ചു പോകാൻ പൈപ്പിടാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

‘എന്നാൽ വാഹനങ്ങൾ പോകേണ്ടതിനാൽ ചെറിയ പൈപ്പാണ് ഇട്ടത്. തുടർച്ചയായി മഴ പെയ്യുന്നതിനാൽ ചെറിയ പൈപ്പിലൂടെ വെള്ളം പോകാൻ സാധിക്കില്ലെന്നും അതിനാലാണ് വെള്ളം ഉയർന്നതെന്നും പ്രദേശ വാശി ബിനീഷ് പറഞ്ഞു. ബിനീഷിന്റെ വീട്ടിലും വെള്ളം കയറിയ നിലയിലാണ്. ബിനിഷും അയൽക്കാരനായ അഹമ്മദും ചേർന്ന് വില്ലേജ് ഓഫീസിൽ പരാതി നൽകിയിരുന്നെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല.

‘നാൽപ്പതു വർഷമായി ഇവിടെ താമസിക്കുകയാണ് ഞങ്ങൾ, എന്നാൽ ഇത്തരത്തിൽ ഒരു വെള്ളക്കെട്ട് ഇതുവരെ കണ്ടിട്ടില്ല. പ്രളയകാലത്ത് പോലും ഇത്തരമൊരു സംഭവമുണ്ടായില്ല. തോരാതെ മഴ പെയ്യുകയാണെങ്കിൽ അകെ ബുദ്ധിമുട്ടാകും. ഇന്ന് രാത്രി വീട്ടിലാരും നില്ക്കാൻ പറ്റില്ല. സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരും സമീപത്തെ വീട്ടിൽ പോയി നിൽക്കേണ്ട അവസ്ഥയാണ്. എന്നും അങ്ങനെ പോയി നിൽക്കാനാവുമോ? കഴിഞ്ഞ തവണ പെയ്ത മഴയിൽ വീടിന്റെ അടുക്കള വരെ വെള്ളം കയറിയിരുന്നു. പലപ്പോഴും വീട്ടിൽ പ്രായമായ അമ്മയും ഭാര്യയും മക്കളും മാത്രമേയുള്ളു… ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടായാൽ ഒറ്റയ്ക്കാകുമ്പോൾ എങ്ങോട്ടും പോകാൻ പോലും പറ്റാത്ത അവസ്ഥയാകും. കഴിഞ്ഞ തവണത്തെ മഴയിൽ വീടിന്റെ അടുക്കള വരെ വെള്ളം കയറിയിരുന്നു’ ബിനീഷ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

വരുംദിവസങ്ങളില്‍ മഴ ശക്തിപ്പെട്ടാല്‍ കൂടുതല്‍ വീടുകള്‍ മുങ്ങുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വെള്ളം ഒഴുകിപ്പോയിരുന്ന തോട് ദേശീയപാത പ്രവൃത്തികള്‍ക്കുള്ള വാഹനം കടന്നുപോകുന്നതിനായി മണ്ണിട്ട് നികത്തിയതാണ് പ്രശ്‌നമായത്. എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ കുടുംബങ്ങളെ ബാധിക്കാൻ ഇടയുണ്ട്. കലുങ്ക് വരുമെന്നാണ് അധികൃതർ ഇവരെ അറിയിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ പെയ്യുന്ന മഴയിൽ എന്ത് പരിഹാരം എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.