കൊയിലാണ്ടിയിലെ ലൈംഗിക പീഡന കേസ്: മുന്‍കൂര്‍ ജാമ്യം ചോദ്യം ചെയ്ത് അതിജീവിത നല്‍കിയ അപ്പീലില്‍ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്


കൊയിലാണ്ടി: ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയത് ചോദ്യം ചെയ്ത് അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.

സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ട് കോഴിക്കോട് സെഷന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഈ ഉത്തരവിലെ പരാമര്‍ശങ്ങള്‍ നിയമവിരുദ്ധമാണെന്ന് അതിജീവിത കോടതിയെ അറിയിച്ചു. പരാതി നല്‍കാന്‍ വൈകിയത് അച്ഛന്‍ മരിച്ചതിനാലും മാനസിക സമ്മര്‍ദ്ദം കാരണമാണെന്നും അതിജീവിത കോടതിയോട് പറഞ്ഞു.

സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച കീഴ്‌ക്കോടതി ഉത്തരവ് പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിന് വിരുദ്ധമാണെന്നും ഹര്‍ജിക്കാരി കോടതിയെ ബോധിപ്പിച്ചു. ദളിത് യുവതിയാണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് സിവിക് ചന്ദ്രന്‍ ലൈംഗികപീഡനം നടത്തിയത്. ഈ മൊഴി വിശ്വസിനീയമല്ലെന്ന കീഴ്‌ക്കോടതിയുടെ പരാമര്‍ശം തെറ്റാണെന്നും അതിജീവിത ഹൈക്കോടതിയെ അറിയിച്ചു.

സിവിക് ചന്ദ്രന് മുന്‍കൂര്‍ജാമ്യം നല്‍കിക്കൊണ്ട് കോഴിക്കോട് സെഷന്‍സ് കോടതി നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് യുവതി ധരിച്ച വസ്ത്രം ലൈംഗികമായി പ്രകോപനമുണ്ടാക്കുന്ന തരത്തിലുള്ളതായിരുന്നുവെന്നാണ് ജഡ്ജി എസ്.കൃഷ്ണകുമാര്‍ പറഞ്ഞത്. മുന്‍കൂര്‍ ജാമ്യഹര്‍ജിക്കൊപ്പം സിവിക് ചന്ദ്രന്‍ ഹാജരാക്കിയ ചിത്രങ്ങളില്‍ നിന്ന് ഇക്കാര്യം വ്യക്തമാണെന്നും ആരോപിക്കുന്നത് പോലെ 354 എ വകുപ്പ് സിവിക് ചന്ദ്രനെതിരെ നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. സമൂഹത്തിലെ നിരവധി പേരാണ് ഈ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്ത് വന്നത്.

അതേസമയം പീഡന പരാതി കൈകാര്യം ചെയ്ത പാഠഭേദം മാസികയുടെ ഇന്റേണല്‍ കംപ്ലൈന്റ്‌സ് കമ്മിറ്റിയ്ക്ക് (ഐ.സി.സി) എതിരെ അജിജീവിത രംഗത്തെത്തി. ഐ.സി.സി. പ്രതിനിധികള്‍ക്ക് അവര്‍ നിലനിലനില്‍ക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ സര്‍വ്വാധികാരിയായ പുരുഷനെ സംരക്ഷിക്കേണ്ടത് ആവശ്യമായിരുന്നെന്ന് അതിജീവിത ആരോപിച്ചു.

ഐ.സി.സി. അംഗങ്ങളുമായി ആദ്യം സംസാരിച്ചപ്പോള്‍ പ്രശ്നത്തിലകപ്പെട്ട സ്ത്രീയെന്ന നിലയില്‍ എന്നെ സമാധാനിപ്പിക്കാനെന്നായിരുന്നു ഞാന്‍ കരുതിയത്. അതുകൊണ്ട് അന്നത്തെ മീറ്റിങ്ങില്‍ അനൗപചാരികമായിട്ടാണ് സംസാരിച്ചതെന്ന് അതിജീവിത പറയുന്നു.

ഐ.സി.സിയാണെന്നോ ഔദ്യോഗികമായിട്ടുണ്ടാക്കിയ കമ്മിറ്റിയാണെന്നോ തന്നെ ആരും അറിയിച്ചിരുന്നുമില്ല.രണ്ടാമതും മീറ്റിങ് ഉണ്ടെന്നറിയിച്ചപ്പോഴാണ് ഇത് കേവലം സൗഹൃദ സംഭാഷണമല്ലെന്ന് മനസ്സിലാക്കിയത്.അതുകൊണ്ട് തന്നെ രണ്ടാമത്തെ മീറ്റിങ്ങില്‍ കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിച്ചു. മൂന്നാമത്തെ മീറ്റിങ്ങോടുകൂടി കമ്മിറ്റിയെ നിയോഗിച്ചത് എന്തിനാണെന്ന് എനിക്ക് കൃത്യമായി മനസ്സിലായി. മെയിലില്‍ ലഭിച്ച ഐ.സി.സി. റിപ്പോര്‍ട്ട് വായിക്കുക കൂടി ചെയ്തപ്പോള്‍ വല്ലാത്ത ഞെട്ടല്‍ തോന്നി. നിലപാടുകളില്‍ ഒരുപാട് വിശ്വസിച്ചിരുന്ന എനിക്കേറെ ഇഷ്ടം തോന്നിയിരുന്നവരാല്‍ തന്നെ ഞാന്‍ ഒറ്റുകൊടുക്കപ്പെട്ടുവെന്ന നടുക്കം ഇപ്പോഴും പിന്തുടരുന്നുവെന്നും അതിജീവിത പറഞ്ഞു.

‘ഈ പ്രശ്നം എന്റെ കുടുംബത്തില്‍ എനിക്ക്പറയാനാകില്ലെന്നും എന്റെ ഐഡന്റിറ്റി പുറത്ത് വിടരുതെന്നും ഞാന്‍ കമ്മിറ്റിക്ക് മുമ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ റിപ്പോര്‍ട്ടില്‍ എന്റെ പൂര്‍ണമായ പേര് വെളിപ്പെടുത്തി നിയമം ലംഘിച്ചു. ഐ.സി.സി കൈകാര്യം ചെയ്യുന്ന ആധികാരിക രേഖകളെല്ലാം പബ്ലിക് ഡോക്യുമെന്റുകളാണെന്ന പ്രാഥമിക വിവരം പോലുമില്ലാത്തവരായിരുന്നോ ഐ.സി.സിയില്‍ ഉണ്ടായിരുന്നത്. നിയമാനുസൃതമായ പോഷ് ആക്ട് പ്രകാരമായിരുന്നില്ല കമ്മിറ്റി രൂപീകരിച്ചിരുന്നത്. കമ്മിറ്റിയില്‍ എക്സ്റ്റേണല്‍ മെമ്പര്‍ ആരാണെന്നോ നിയമങ്ങളും ചട്ടങ്ങളും അറിയുന്നത് ആര്‍ക്കാണെന്നോ വ്യക്തമാക്കിയിരുന്നില്ല’- അതിജീവിത കൂട്ടിച്ചേര്‍ത്തു.