കോഴിക്കോട് യെല്ലോ അലേർട്ട്, ചേറോട് മലോൽമുക്ക് രാമത്ത് മലയിടിഞ്ഞു, ജില്ലയിൽ 15 ക്യാമ്പുകളിലായി 196 കുടുംബങ്ങൾ


Advertisement

കോഴിക്കോട്: മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ഉൾപ്പെടെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട് പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്ര മഴമുന്നറിയിപ്പുകളില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങലിൽ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളിൽ അതീവ ജാഗ്രത തുടരണം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റുമാണ് മഴ തുടരുന്നതിന് കാരണം‌. കോഴിക്കോടിന് പുറമേ കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്‌, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.

Advertisement

മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി 15 ക്യാമ്പുകളാണുള്ളത്‌. 196 കുടുംബങ്ങളിലെ 606 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. 222 പുരുഷന്മാരും 259 സ്ത്രീകളും 125 കുട്ടികളും ക്യാമ്പുകളിലുണ്ട്. കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിൽ രണ്ട് ക്യാമ്പുകളാണുള്ളത്. കൊയിലാണ്ടി താലൂക്കിൽ മൂന്നു ക്യാമ്പുകളും വടകര താലൂക്കിൽ എട്ട് ക്യാമ്പുകളുമുണ്ട്.

Advertisement

മഴയെ തുടർന്ന് ചോറോട് ഗ്രാമപഞ്ചായത്തിലെ മലോൽമുക്ക് രാമത്ത് മലയുടെ ഒരുഭാ​ഗം ഇടിഞ്ഞു. പ്രകൃതിക്ഷോഭം മുൻനിർത്തി മലോൽമുക്ക് രാമത്ത് മലയിലേക്ക് വിനോദ സഞ്ചാരികളുടെയും പൊതുജനങ്ങളുടെയും പ്രവേശനം താൽക്കാലികമായി നിരോധിച്ചു. മലയുടെ ഒരു ഭാഗം ഇടിഞ്ഞ സാഹചര്യത്തിലാണ് പ്രവേശനം നിരോധിച്ചത്. ജലനിരപ്പ് ഉയർന്നതിനെ ചുടർന്ന് കക്കയം ഡാമിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു.

Advertisement

ജില്ലയിലെ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ സജ്ജമാണ്. വിവരങ്ങൾക്ക് കോഴിക്കോട് -0495 -2372966, കൊയിലാണ്ടി- 0496 -2620235, വടകര- 0496- 2522361, താമരശ്ശേരി- 0495- 2223088, ജില്ലാ ദുരന്ത നിവാരണ കൺട്രോൾ റൂം- 0495 2371002. ടോൾഫ്രീ നമ്പർ – 1077.

Summary: Hevay rain kozhikode orange alert