മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ പോകല്ലേ!! മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; ജൂലൈ നാലുവരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശം


കോഴിക്കോട്: കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ജൂലൈ നാലുവരെ മത്സ്യബന്ധത്തിന് പോകരുതെന്ന് ദുരന്ത നിവാരണ വിഭാഗത്തില്‍ നിന്നുള്ള മുന്നറിയിപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നാണ് അറിയിപ്പ്.

പ്രത്യേക ജാഗ്രത നിര്‍ദ്ദേശങ്ങള്‍:

01-07-2022 മുതല്‍ 03-07-2022 വരെ: കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്കന്‍ തമിഴ്നാട് തീരം, അതിനോട് ചേര്‍ന്ന തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് പടിഞ്ഞാറന്‍ ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

01-07-2022 മുതല്‍ 04-07-2022 വരെ തെക്ക് കിഴക്കന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന മധ്യ കിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

കോഴിക്കോട് ജില്ലയില്‍ കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ കെട്ടിയിട്ട് സൂക്ഷിക്കേണ്ടതാണ്. കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കുന്നതിനായി വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കേണ്ടതാണെന്നും കലക്ടര്‍ നിര്‍ദേശിച്ചു.