കനത്ത മഴയിലും കാറ്റിലും കൊയിലാണ്ടിയില്‍ വ്യാപക നാശനഷ്ടം; പല മേഖലകളിലും വൈദ്യുതി മുടങ്ങി



കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്നലെ രാത്രിയില്‍ വീശിയടിച്ച മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. ഇടിമിന്നലോടുകൂടിയായിരുന്നു മഴ കൊയിലാണ്ടിയിലെ കുറുവങ്ങാട്, മേലൂര്‍, പന്തലായനി, കണയങ്കോട്, മൂടാടി, കൊല്ലം, കൊരയങ്ങാട്, അരങ്ങാടത്ത്, എന്നിവിടങ്ങളില്‍ ഫലവൃക്ഷങ്ങള്‍ കടപുഴകിയും മുറിഞ്ഞുവീണും നാശനഷ്ടങ്ങളുണ്ടായി.

നിരവധി സ്ഥലങ്ങളില്‍വൈദ്യുതി ലൈനിലെക്ക് വീണതിനാല്‍ പല സ്ഥലത്തും കെ.എസ്.ഇ.ബി.വര്‍ക്കര്‍മാര്‍ ലൈന്‍ അറ്റകുറ്റപണികള്‍ നടത്തി കൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ചയും കൊയിലാണ്ടിയില്‍ ഹൈടെന്‍ഷന്‍ ലൈനിന്റെ പണി കാരണം വൈദ്യുതി ഭാഗികമായിരുന്നു. വൈകീട്ട് വന്നെങ്കിലും പിന്നിട് നിരവധി തവണ മുടങ്ങി.

കാറ്റും മഴയും വന്നതോടെ ഇന്നു രാവിലെ അഞ്ചു മണി മുതല്‍ വൈദ്യുതി മുടങ്ങി. ബുധനാഴ്ച രാവിലെ മുതല്‍ വൈകീട്ട് 5 വരെ ഹൈടെന്‍ഷന്‍ വര്‍ക്ക് ഉണ്ടാകുന്നതിനാല്‍ വൈദ്യുതി വിതരണം കൊയിലാണ്ടി നഗര മുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊയിലാണ്ടിയില്‍ വൈദ്യുതി മുടങ്ങുന്നത് പതിവാണ് വ്യാപാരികളെയാണ് ഇത് ഏറെ ബാധിക്കുന്നത്.