സംസ്ഥാനപാത നിര്‍മ്മാണ പ്രവൃത്തികളിലെ പോരായ്മ; കന്നൂര്‍ ടൗണില്‍ വെള്ളം കയറി: വാഹനഗതാഗതം തടഞ്ഞ് വ്യാപാരികളുടെ പ്രതിഷേധം



കൊയിലാണ്ടി: കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയില്‍ കന്നൂര്‍ ടൗണില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പ്രതിഷേധവുമായി കച്ചവടക്കാര്‍. ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായി തടസപ്പെടുത്തിയാണ് വ്യാപാരികള്‍ പ്രതിഷേധിച്ചത്. ഇതേത്തുടര്‍ന്ന് ദേശീയ പാത നിര്‍മ്മാണ പ്രവൃത്തി ഏറ്റെടുത്ത കമ്പനി അധികൃതരെത്തി ജെ.സി.ബി ഉപയോഗിച്ച് വെള്ളം കടന്നുപോകാന്‍ സംവിധാനം ഒരുക്കിയശേഷമാണ് വ്യാപാരികള്‍ പ്രതിഷേധത്തില്‍ നിന്നും പിന്മാറിയത്.

മുക്കം-എടവണ്ണപ്പാറ സംസ്ഥാനപാതയുടെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഈ മേഖലയില്‍ ഡ്രെയ്‌നേജ് സംവിധാനം ശാസ്ത്രീയമായ രീതിയില്‍ കൈകാര്യം ചെയ്യാത്തതാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് പ്രദേശവാസികള്‍ പറയുന്നു. ശ്രീധന്യ കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയാണ് ഇവിടെ നവീകരണ പ്രവൃത്തി നടത്തിയത്. പ്രവൃത്തി പൂര്‍ത്തിയായെങ്കിലും ഡ്രെയ്‌നേജ് സംവിധാനം അപര്യാപ്തമാണ്. അതിനാല്‍ റോഡിന്റെ ഒരുഭാഗത്ത് വെള്ളം കെട്ടി നില്‍ക്കുന്ന നിലയിലാണ്. ഇത് പ്രദേശത്തെ കച്ചവടക്കാര്‍ക്കാണ് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ഇതേത്തുടര്‍ന്നാണ് വ്യാപാരികള്‍ രാവിലെ വാഹനങ്ങള്‍ തടഞ്ഞുകൊണ്ട് പ്രതിഷേധിച്ചതെന്ന് കന്നൂര്‍ വാര്‍ഡ് മെമ്പര്‍ രവീന്ദ്രന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

സംസ്ഥാനപാത നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള പ്രവൃത്തികളില്‍ ഈ മേഖലയില്‍ പല പോരായ്മകളുമുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കല്‍വര്‍ട്ടുകളിലേക്ക് വെള്ളം ഒലിച്ചിറങ്ങുന്ന തരത്തില്‍ പലയിടങ്ങളിലും സ്ലോപ്പായല്ല നിര്‍മ്മാണം നടത്തിയിരിക്കുന്ന്. ഉള്ളൂര്‍ ഭാഗത്ത് നിലവില്‍ വെള്ളക്കെട്ട് ഒഴിവായിട്ടുണ്ട്. എന്നാല്‍ കന്നൂര്‍ ടൗണിലെ അവസ്ഥ മുമ്പത്തേക്കാള്‍ കഷ്ടമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.