പെരുമ്പാമ്പിനെ കണ്ട് ഭയത്തോടെ നാട്ടുകാര്‍; അതി വിദഗ്ധമായി പിടിച്ച് ചാക്കില്‍കെട്ടി യുവാവ്, സോഷ്യല്‍ മീഡിയയില്‍ വൈറലായി പേരാമ്പ്ര സ്വദേശി അസ്‌ലം
പേരാമ്പ്ര: ജനങ്ങള്‍ ഭയത്തോടെ നോക്കി നില്‍ക്കെ പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കി സോഷ്യല്‍ മീഡിയയില്‍ വൈറലായി യുവാവ്. കടിയങ്ങാട് കരിങ്ങാറ്റി പറമ്പത്ത് ബഷീറിന്റെ മകന്‍ അസ്ലം ആണ് ഒറ്റ രാത്രികൊണ്ട് നാട്ടിലെ താരമായത്. മലോലക്കണ്ടി താഴെ ട്രാന്‍സ്ഫോമര്‍ തൂണുകള്‍ക്കിടയില്‍ പതുങ്ങി കിടക്കുകയായിരുന്ന എട്ട് മീറ്റര്‍ നീളവും ഇരുപത്തി ഒമ്പത് കിലോ തൂക്കം വരുന്ന പുരുഷ വര്‍ഗ്ഗത്തില്‍ പെട്ട പെരുമ്പാമ്പിനെയാണ് അസ്‌ലം അതിസാഹസികമായി പിടികൂടിയത്.
മാണിക്കോത്ത് നിസ്‌കാര പള്ളിയില്‍ നിന്നും ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്ന ഉസ്താദിന്റെ ശ്രദ്ധയില്‍ പാമ്പ് പെടുന്നത് ഞായറാഴ്ച്ച രാത്രി 9.30നാണ് വിവരം അറിഞ്ഞു പരിസരത്ത് ഓടി കൂടിയവര്‍ പെരുവണ്ണാമൂഴി വനപാലകരെ ബന്ധപ്പെട്ടു. എന്നാല്‍ വനത്തില്‍ കാട്ടാന ഇറങ്ങിയതിനാല്‍ വരാന്‍ പറ്റില്ലെന്നും പിടിച്ചു ചാക്കില്‍ കെട്ടി വനപാലകരെ ഏല്‍പ്പിക്കാനും നിര്‍ദ്ദേശം ലഭിക്കുകയായിരുന്നു. വിവരം കേട്ട അസ്ലം ഒറ്റക്ക് തന്നെ പാമ്പിനെ പിടികൂടി ചാക്കില്‍ കെട്ടി സുഹൃത്തുക്കളെയും കൂട്ടി പെരുമ്പാമ്പിനെ പെരുവണ്ണാമൂഴി വനപാലകരെ ഏല്പിക്കുകയായിരുന്നു.
മാസങ്ങള്‍ക്ക് മുമ്പ് കല്ലൂര്‍ പുഴയുടെ ഓരത്ത് മരപൊത്തില്‍ മുട്ട ഈട്ട് അടയിരിക്കുകയായിരുന്ന ഏകദേശം മൂന്ന് മീറ്റര്‍ നീളവും ആറു വയസ്സ് പ്രായവും തോന്നിക്കുന്ന പെരുമ്പാമ്പിനെ കോഴിക്കൂട്ടില്‍ നിന്നും പിടികൂടാന്‍ പെരുവണ്ണാമൂഴി വനപാലകര്‍ തോട്ടില്‍പാലം സുരേന്ദ്രനെ വരുത്തി അന്നും പാമ്പിനെ പിടികൂടി അധികൃതരെ ഏല്പിച്ചിരുന്നു.