വൈറല്‍ പനിയ്‌ക്കൊപ്പം വന്ന ചുമ ഇപ്പോഴും പോയിട്ടില്ലേ? ഈ മാര്‍ഗങ്ങളൊന്ന് പരീക്ഷിച്ചുനോക്കൂ


കൊവിഡ് 19 വ്യാപനത്തില്‍ കുറവുണ്ടായെങ്കിലും അത് സൃഷ്ടിച്ച ആരോഗ്യ പ്രശ്‌നങ്ങള്‍ പലരിലും ഇപ്പോഴും തുടരുകയാണ്. ലോംഗ് കൊവിഡ് എന്നാണിതിനെ വിശേഷിപ്പിക്കുന്നത്. ക്ഷീണം, തളര്‍ച്ച, ഓര്‍മ്മക്കുറവ്, ചിന്താശേഷിയില്‍ കുറവ്, ശ്വാസതടസം, ഗന്ധവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥ എന്നിങ്ങനെ പല പ്രശ്‌നങ്ങളാണ് കോവിഡിനെ തുടര്‍ന്ന് പലര്‍ക്കും അനുഭവപ്പെടുന്നത്.

ഇതിനിടെ വൈറല്‍ പനി പോലുള്ള പ്രശ്‌നങ്ങള്‍ വ്യാപകമായതോടെ ഈ ആരോഗ്യപ്രശ്‌നങ്ങള്‍ ഏറുകയാണ് ചെയ്തത്. വൈറല്‍ പനി ബാധിച്ചവരിലാണെങ്കില്‍ വലിയൊരു വിഭാഗം പേരിലും ഇതിന് ശേഷവും ചുമ നീണ്ടുനില്‍ക്കുകയും ഇടയ്ക്കിടെ പനി തുടരുന്നതും കാണാം.

വൈറല്‍ പനിയുടെ ബാക്കിയാക്കുന്ന ചുമ പലരുടെയും പ്രശ്‌നമാണ്. ഇതിനിടെ മഞ്ഞ് കൂടി വന്നതോടെ ചുമ ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. അത്തരം ചുമയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളാണ് പറയുന്നത്.

ധാരാളം ഔഷധഗുണങ്ങളുള്ളൊരു ചേരുവയാണ് വെളുത്തുള്ളി. ചുമ പോലുള്ള പ്രയാസങ്ങള്‍ക്ക് ആശ്വാസം കണ്ടെത്തുന്നതിനും വെളുത്തുള്ളി ഏറെ സഹായകമാണ്. ഇത് വെറുതെ കടിച്ച് ചവച്ച് കഴിക്കുകയോ അല്ലെങ്കില്‍ നെയ്യില്‍ ചെറുതായി അരിഞ്ഞ് ചേര്‍ത്ത് ഭക്ഷണത്തിനൊപ്പം കഴിക്കുകയോ ചെയ്യാം.

തേന്‍ കഴിക്കുന്നത് ചുമയ്ക്ക് നല്ലരീതിയില്‍ ആശ്വാസം നല്‍കും. രോഗാണുക്കള്‍ക്കെതിരെ പോരാടാനുള്ള തേനിന് കഴിവുണ്ടെന്നാമ് പറയപ്പെടുന്നത്. തൊണ്ടവേദന ലഘൂകരിക്കാനും തേന്‍ സഹായകമാണ്. രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍ ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തി, ഇതിലേക്ക് അല്‍പം നാരങ്ങാനീരും കൂടെ ചേര്‍ത്ത് കഴിച്ചാല്‍ മതി.

ഇഞ്ചിയും ചുമയും ജലദോഷവും പോലുള്ള അണുബാധകളെ ചെറുക്കാന്‍ സഹായിക്കുന്ന ഔഷധമാണ്. ഇഞ്ചിയിലടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ ആണ് ഇതിന് സഹായകമാകുന്നത്. ചായയില്‍ ചേര്‍ത്തോ പിഴിഞ്ഞ് നീരെടുത്തോ എല്ലാം ഇഞ്ചി കഴിക്കാവുന്നതാണ്.

മഞ്ഞളുപയോഗിച്ചും ഈ ചുമയെ നേരിടാം. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ‘കുര്‍ക്കുമിന്‍’ അണുബാധകളെ ചെറുക്കാന്‍ സഹായിക്കും. ഇളം ചൂടുവെള്ളത്തില്‍ അല്‍പം മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുകയോ അല്ലെങ്കില്‍ സലാഡില്‍ ചേര്‍ത്ത് കഴിക്കുകയോ ചെയ്യാ.

പുതിനയിലയും ചുമയ്ക്ക് ആശ്വാസത്തിനായി കഴിക്കാവുന്നതാണ്. ഇത് തൊണ്ടയിലുള്ള അസ്വസ്ഥതകളെ ലഘൂകരിക്കാനും സഹായിക്കും. പുതിനയില്‍ അടങ്ങിയിരിക്കുന്ന ‘മെന്തോള്‍’ ആണ് ഇതിനെല്ലാം സഹായകമാകുന്നത്. പുതിനയില അധികവും ചായയില്‍ ചേര്‍ത്ത് കഴിക്കുന്നതാണ് നല്ലത്.

മരുന്നുകള്‍ക്കൊപ്പം തന്നെ നമുക്ക് കഴിക്കാവുന്ന ഔഷധങ്ങളാണ് ഇവ. എങ്കിലും ചുമ പ്രയാസകരമാംവിധം തുടരുകയാണെങ്കില്‍ ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്താന്‍ മറക്കരുത്.

 

Summary:  Health tips for Cough