കുരുന്നുകള്‍ക്കെതിരെയും വര്‍ഗീയത; ജില്ലാ കലോത്സവത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ മേമുണ്ട സ്‌കൂളിന്റെ നാടകത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം (വീഡിയോ കാണാം)


വടകര: ജില്ലാ കലോത്സവത്തില്‍ മിന്നും പ്രകടനമാണ് മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂള്‍ കാഴ്ചവച്ചത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കലാകിരീടവും മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂള്‍ സ്വന്തമാക്കിയിട്ടുണ്ട്. വടകരയുടെ തന്നെ അഭിമാനമായി മാറിയ സ്‌കൂളിനെതിരെ വിദ്വേഷപ്രചാരണം ആരംഭിച്ചരിക്കുകയാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍.

ജില്ലാ കലോത്സവത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹൈസ്‌കൂള്‍ വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിച്ച ‘ബൗണ്ടറി’ എന്ന നാടകത്തിനെതിരെയാണ് പ്രചാരണം നടക്കുന്നത്. നാടകത്തിലെ സംഭാഷണം മാധ്യമങ്ങൾക്ക് മുന്നില്‍ മത്സരാര്‍ഥികള്‍ പറയുന്ന ക്ലിപ്പ് പങ്കുവച്ചുകൊണ്ടാണ് പ്രചാരണം. ‘ബ്രസീല്‍ ജയിക്കുമ്പോള്‍ നമ്മള്‍ കയ്യടിക്കാറില്ലേ, അര്‍ജന്റീന ജയിക്കുമ്പോള്‍ നമ്മള്‍ ആര്‍ത്തുവിളിക്കാറില്ലേ, ന്യൂസിലന്റും ഇംഗ്ലണ്ടും ജയിക്കുമ്പോള്‍ നമ്മള് കയ്യടിക്കാറില്ലേ, പിന്നെന്താ പാക്കിസ്ഥാന്‍ ജയിക്കുമ്പോള്‍ കയ്യടിച്ചാല്‍ മാത്രം ഇത്ര പ്രശ്‌നം.’ എന്ന ഡയലോഗാണ് ക്ലിപ്പിലുള്ളത്.

‘പാകിസ്ഥാന് വേണ്ടി കയ്യടിയ്ക്കുകയും ആഹ്ളാദിക്കുകയും ചെയ്യുന്ന യുവ തലമുറയെ വാര്‍ത്തെടുക്കാനുള്ള സി.പി.എമ്മിന്റെ അക്ഷീണ പ്രയത്‌നത്തിന്റെ പരീക്ഷണശായായ മേമുണ്ട ഹൈസ്‌കൂളിലെ കലോത്സവത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നാടക ഡയലോഗ്.’ – എന്ന ക്യാപ്ഷനോടെയാണ് നാടകത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ വാട്‌സ്ആപ്പിലൂടെ ഷെയര്‍ ചെയ്യപ്പെടുന്നത്.

സങ്കുചിതമായ ദേശീയതയെയും അസഹിഷ്ണുതയെയും തുറന്നുകാട്ടുന്ന നാടകമായിരുന്നു മേമുണ്ട എച്ച്.എസ്.എസ്. അവതരിപ്പിച്ചത്. മാനവികതയുടെ അതിരുകളില്ലാത്ത ലോകത്തിന്റെ പിറവിയെ സ്വപ്നം കാണുന്ന നാടകമാണ് ‘ബൗണ്ടറി’.

നാട്ടിലെ ക്രിക്കറ്റ് കളിക്കുന്ന പെണ്‍കുട്ടികള്‍ക്കിടയില്‍ നിന്ന് അണ്ടര്‍ 19 ദേശീയ വനിതാ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഫാത്തിമ സുല്‍ത്താനയെന്ന പെണ്‍കുട്ടി ഇന്ത്യാ- പാക്കിസ്ഥാന്‍ ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് വിജയിച്ച പാക് ടീമിന്റെ ചിത്രവും വാര്‍ത്തയും തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിന്റെ പേരില്‍ കളിയില്‍ വിലക്ക് ഭീഷണി നേരിടുകയാണ്.

നാടെങ്ങും ഫാത്തിമ സുല്‍ത്താനയ്‌ക്കെതിരായി പ്രതിഷേധങ്ങളും കൊലവിളികളുമുയരുമ്പോള്‍ വിശ്വമാനവികതയുടെ സ്‌നേഹ ഗായകരായ കുട്ടികള്‍ അവള്‍ക്കു വേണ്ടി പ്രതിരോധം സൃഷ്ടിക്കുകയാണ്. വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും ആക്രോശങ്ങള്‍ക്കിടയില്‍ കലാ – കായിക മത്സരങ്ങള്‍ ഉള്‍പ്പെടെയുള്ള മനുഷ്യന്റെ എല്ലാ ആവിഷ്‌കാരങ്ങളുടെയും അന്തര്‍ധാര സ്‌നേഹവും സാഹോദര്യവുമാണെന്ന് ഈ നാടകം വിളിച്ചു പറയുന്നു.

ഫസ്റ്റ് എ ഗ്രേഡുമായി തിളക്കമാര്‍ന്ന വിജയമാണ് ബൗണ്ടറി കരസ്ഥമാക്കിയത്.

മൂന്ന് വര്‍ഷം മുമ്പ് മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ അവതരിപ്പിച്ച കിത്താബ് എന്ന നാടകത്തിനെതിരെയും മൗലിക വാദികള്‍ രംഗത്തെത്തിയിരുന്നു. ജില്ലയില്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടും സംസ്ഥാനതലത്തില്‍ അന്ന് കിത്താബ് നാടകം കളിക്കാന്‍ അനുമതി ലഭിച്ചിരുന്നില്ല.


ഈ വാർത്തയോടുള്ള വായനക്കാരുടെ പ്രതികരണം വാട്ട്സ്ആപ്പിലൂടെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


വീഡിയോ കാണാം:

Summery: Hate campaign against drama of Memunda HSS, boundary in social media including whatsapp. Watch video.