ഗുരുസ്മരണയിൽ കൊയിലാണ്ടി; നാട്യാചാര്യൻ ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം സമ്മാനിച്ചു


കൊയിലാണ്ടി: കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ സ്മരണയ്ക്കായി ചേലിയ കഥകളി വിദ്യാലയം ഏർപ്പെടുത്തിയ പ്രഥമ ഗുരു ചേമഞ്ചേരി പുരസ്കാരം പ്രശസ്ത കഥകളി നടൻ കലാമണ്ഡലം സുബ്രഹ്മണ്യന് സമ്മാനിച്ചു. കൊയിലാണ്ടി ടൗൺഹാളിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ.ബിന്ദുവാണ് പുരസ്കാര സമർപ്പണം നടത്തിയത്.

ആർട്ടിസ്റ്റ് മദനൻ രൂപൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവും ക്യാഷ് അവാർഡും അടങ്ങുന്നതാണ് അവാർഡ്. ഗുരുവിന്റെ 107-ാം പിറന്നാളിനോടനുബന്ധിച്ചാണ് അവാർഡ് പ്രഖ്യാപിച്ചത്. ഡോ. എം.ആർ.രാഘവ വാര്യർ, മദൻ കെ. മേനോൻ, കലാമണ്ഡലം കേശവൻ കുണ്ഡലായർ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. കല്ലുവഴിച്ചിട്ട കഥകളി രംഗത്തെ മുതിർന്ന നടനും കഥകളി അധ്യാപകനുമായ ബാലസുബ്രഹ്മണ്യൻ കലാമണ്ഡലം മുൻ പ്രിൻസിപ്പലുമാണ്.

കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷയായി. മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ മൃദുലാ വാര്യർ, വെൺമണി ഹരിദാസ് പുരസ്കാരം നേടിയ കലാനിലയം ഹരി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, പി.അബ്ദുൾ ഷുക്കൂർ, ഡോ. എം.ആർ.രാഘവ വാര്യർ, യു.കെ.രാഘവൻ, കലാമണ്ഡലം സത്യവ്രതൻ, മധുസൂദനൻ ഭരതാഞ്ജലി, കലാനിലയം ഹരി, ഡോ. എൻ.വി.സദാനദൻ, കലാമണ്ഡലം പ്രേം കുമാർ, കെ.പി.ബിജു തുടങ്ങി രാഷ്ട്രീയ- സാംസ്കാരിക പ്രവർത്തകർ സംസാരിച്ചു.

കലാമണ്ഡലം ശിവദാസ് നേതൃത്വം നൽകിയ വിളംബരമേളം, സുനിൽ തിരുവങ്ങൂർ ചിട്ടപെടുത്തി 107 ഗായകർ അണിനിരന്ന സ്വാഗതഗാനവും അവതരിപ്പിച്ചു. കഥകളി, പൂക്കാട് കലാലയം ഒരുക്കിയ നൃത്തസംഗീതിക, മോഹിനിയാട്ടം, കേരളനടനം തുടങ്ങിയ വിവധ കലാപരിപാടികളും അവതരിപ്പിച്ചു.