മ്യൂസിക് നൈറ്റും കോമഡിഷോയും വടംവലി മത്സരവും; അടുത്ത മൂന്ന് നാളുകൾ കോഴിക്കോട് ആഘോഷപ്പെരുമഴ; മുഖ്യാതിഥിയായി ടൊവിനോയും


കോഴിക്കോട്: മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷരാവുകൾക്ക് കോഴിക്കോട് ഒമ്പതാം തിയ്യതി തുടക്കമാവും. ആട്ടവും പാട്ടുമായി കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ഓണം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് ജനങ്ങൾ.

ജില്ലാഭരണകൂടവും ഡി.ടി.പി.സി.യുംചേർന്ന് നടത്തുന്ന മൂന്ന് ദിവസത്തെ ഓണാഘോഷം കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഒമ്പതിന് രാത്രി 7.30-ന് ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം ടൊവിനോ തോമസ് മുഖ്യാതിഥിയാകും. 90 ലക്ഷത്തോളം രൂപചെലവഴിച്ചാണ് ഓണാഘോഷപരിപാടികൾ ഒരുക്കുന്നതെന്ന് ഡി.ടി.പി.സി. ചെയർമാൻ കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡിയും ഡെപ്യൂട്ടിമേയർ മുസാഫർ അഹമ്മദും പത്രസമ്മേളനത്തിൽ പറഞ്ഞു.

കോഴിക്കോട് ബീച്ച്, ഭട്ട്‌റോഡ്, കുറ്റിച്ചിറ, ബേപ്പൂർ, തളി, മാനാഞ്ചിറ മൈതാനം, ടൗൺഹാൾ എന്നിവിടങ്ങളിലായാണ് വേദി ഒരുക്കുക. ഒമ്പതിന് വൈകീട്ട് ആറിന് മട്ടന്നൂർ ശങ്കരൻകുട്ടിയും പ്രകാശ് ഉള്ളിയേരിയും ചേർന്നൊരുക്കുന്ന ത്രികായ മ്യൂസിക്ബാൻഡിന്റെ മ്യൂസിക് ഫ്യൂഷൻ അരങ്ങേറും. രാത്രി എട്ടിന് പിന്നണിഗായകൻ കാർത്തിക്കിന്റെ മ്യൂസിക് നൈറ്റ്. 10-ന് ബീച്ച് ഫ്രീഡം സ്ക്വയറിൽ ശ്രീകാന്തും അശ്വതിയും ചേർന്നൊരുക്കുന്ന ക്ലാസിക്കൽ ഡാൻസും 7.30-ന് നാദിർഷയും സംഘവും ഒരുക്കുന്ന കോമഡിഷോയുമുണ്ടാകും.

തളിയിൽ വൈകീട്ട് ആറിന് പത്മഭൂഷൺ സുധാരഘുനാഥന്റെ കർണാടിക് വോക്കൽ. ബേപ്പൂരിൽ വൈകീട്ട് ആറിന് ചിത്രഅയ്യരുടെ ഗാനനിശ. 11-ന് ആറിന് ബീച്ചിൽ നാന്തലക്കൂട്ടം അവതരിപ്പിക്കുന്ന നാടൻപാട്ടും 7.30-ന് അനൂപ് ശങ്കറും സംഘവും ഒരുക്കുന്ന സംഗീതപരിപാടിയും നടക്കും. ഭട്ട് റോഡിൽ വൈകുന്നേരം ആറിന് ചലചിത്രപിന്നണിഗായകരായ മിൻമിനിയും സുനിൽകുമാറും ഒരുക്കുന്ന സംഗീതരാവ് അരങ്ങേറും.

മാനാഞ്ചിറയിലെ വേദിയിൽ ഫൂട്ട്‌വോളി, കളരി, മാരത്തൺ, ആർച്ചെറി, എയറോബിക്സ്, വടംവലി മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ടൗൺഹാളിലാണ് നാടകം അരങ്ങേറുന്നത്. ഒമ്പതിന് വൈകീട്ട് പച്ചമാങ്ങയും 10-ന് മക്കൾക്ക്, 11-ന് കാവൽ, യുടേൺ എന്നീ നാടകങ്ങളാണ് അവതരിപ്പിക്കുക. മാനാഞ്ചിറ മൈതാനത്ത് മൂന്ന്ദിവസങ്ങളിലായി ഒപ്പനയും തെയ്യവും ആദിവാസിനൃത്തവും മാപ്പിളപ്പാട്ടും പരുന്താട്ടവും നടക്കും.


കെ.ആർ. പ്രമോദ് ചെയർമാനും എസ്.കെ. സജീഷ് കൺവീനറും ടൂറിസം ജോ. ഡയറക്ടർ ടി.ജി. അഭിലാഷ് കുമാർ ജനറൽ കൺവീനറും ഡി.ടി.പി.സി. സെക്രട്ടറി ടി. നിഖിൽദാസ് ജനറൽ കോ-ഓർഡിനേറ്ററും കെ.ടി. ശേഖർ കോ-ഓർഡിനേറ്ററുമായ പ്രോഗ്രാം കമ്മിറ്റിയാണ് ഓണാഘോഷത്തിന് നേതൃത്വം നൽകുന്നത്.

Summary:three days of Onam festivities at Kozhikode; Tovino is the chief guest