ആന്തട്ട ഗവ. യു.പി സ്കൂളിലെ കുട്ടികൾക്ക് ഇനി ‘ഗ്രാന്റ് ഫുഡ്’; ഉച്ചഭക്ഷണം വിഭവസമൃദ്ധമാക്കാൻ പ്രത്യേക പദ്ധതി, വിഭവങ്ങൾ ഇവ


കൊയിലാണ്ടി: വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണം വിഭവസമൃദ്ധവും പോഷകസമ്പന്നവുമാക്കാൻ പ്രത്യേക പദ്ധതിയുമായി ആന്തട്ട ഗവ. യു.പി സ്കൂൾ. ‘ഗ്രാന്റ് ഫുഡ്’ എന്ന് പേരിട്ട പദ്ധതി പ്രകാരം നാവിൽ കൊതിയൂറുന്ന നിരവധി വിഭവങ്ങളാണ് ഓരോ ദിവസവും കുട്ടികൾക്ക് ലഭിക്കുക.

സ്പോൺസർമാരുടെ സഹായത്തോടെയാണ് ഉച്ചഭക്ഷണം വിഭവ സമൃദ്ധമാക്കുന്നത്. ചിക്കൻ കറി, പായസം, പഴവർഗങ്ങൾ തുടങ്ങിയവ വ്യത്യസ്ത ദിവസങ്ങളിലായി കുട്ടികൾക്ക് നൽകും.

ഗ്രാന്റ് ഫുഡിന്റെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് കുട്ടികൾക്ക് ഭക്ഷണം വിളമ്പിക്കൊടുത്തു കൊണ്ട് നിർവഹിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ അധ്യക്ഷയായി.

പ്രധാനധ്യാപകൻ എം.ജി.ബൽരാജ്, പി.ടി.എ പ്രസിഡന്റ് എ.ഹരിദാസ്, എസ്.എസ്.ജി ചെയർമാൻ എം.കെ.വേലായുധൻ, എസ്.എം.സി ചെയർമാൻ മധു കിഴക്കയിൽ, ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.