മണക്കുളങ്ങര അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ അടിയന്തരമായി നഷ്ടപരിഹാരം നല്‍കണം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്


കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞതിനെ തുടര്‍ന്ന് മൂന്നുപേര്‍ മരണപ്പെടുകയും 30ലധികം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ നിസ്സംഗത അവസാനിപ്പിച്ച് അടിയന്തരമായി ഇടപെടുകയും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കുപറ്റിയവര്‍ക്കും സാമ്പത്തിക സഹായം ഉടനടി നല്‍കുകയും വേണമെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൊയിലാണ്ടി സൗത്ത്- നോര്‍ത്ത് മണ്ഡലം കമ്മിറ്റികള്‍ ആവശ്യപ്പെട്ടു. ഇതിനുപുറമേ വിശ്വാസികളെ മുറിവേല്‍പ്പിക്കാത്ത രീതിയില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ ആവശ്യപ്പെട്ടു.

അമ്പലത്തില്‍ സംഭവിച്ച ദുരന്തവുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ സ്ഥലം സന്ദര്‍ശിച്ചിട്ടും അപകടത്തില്‍ പെട്ടവര്‍ക്കും മരണപ്പെട്ടവരുടെ കുടുംബത്തിനും സമാശ്വാസമേകുന്ന നടപടികള്‍ ഉണ്ടാവാത്തത് ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്നും ടി.പി.കൃഷ്ണന്‍, രജീഷ് വെങ്ങളത്ത് കണ്ടി, അരുണ്‍ മണമല്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഫെബ്രുവരി 13നാണ് മണക്കുളങ്ങരയില്‍ ആനയിടഞ്ഞതിനെ തുടര്‍ന്ന് മൂന്നുപേര്‍ മരണപ്പെട്ടത്. ലീല, അമ്മുക്കുട്ടി, രാജന്‍ എന്നിവരാണ് മരിച്ചത്. 32 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു.

mid4]