ഉള്ള്യേരി മുണ്ടോത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; അപകടമുണ്ടായത് അഞ്ചംഗ കുടുംബം താമസിച്ചിരുന്ന ഷെഡ്ഡില്‍


ഉള്ള്യേരി: മുണ്ടോത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ഇയ്യൊത് മീത്തല്‍ സിറാജിന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

സിറാജും ഭാര്യയും മൂന്നു മക്കളും അടങ്ങിയ കുടുംബം ഷെഡ്ഡില്‍ ആയിരുന്നു താമസിച്ചിരുന്നത്. ഇവിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. അടുപ്പിനോട് ചേര്‍ന്നായിരുന്നു ഗ്യാസ് സൂക്ഷിച്ചിരുന്നത്. ഷെഡ്ഡിലെ വാതിലും തൂണുകളും ഭക്ഷണ പാത്രങ്ങള്‍ പൊട്ടിത്തെറിയില്‍ തകര്‍ന്നു.


രാത്രി ഒമ്പതുമണിയോടെ കത്തിച്ച അടുപ്പില്‍നിന്നും തീപടര്‍ന്ന് ചൂടുകൂടി പൊട്ടിയതാകാം കാരണം എന്ന് അനുമാനിക്കുന്നു.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ ആനന്ദ് സി.പി.യുടെ നേതൃത്വത്തില്‍ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ സിജിത് സി, റഷീദ് കെ.പി, ഹോം ഗാര്‍ഡ് സുജിത്ത് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.