കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ ഓടിക്കാന്‍ പടക്കപ്രയോഗം; ഗുണ്ട് കൈയ്യിലിരുന്ന് പൊട്ടി കക്കയത്തെ വനംവകുപ്പ് വാച്ചർക്ക് പരിക്ക്


കൂരാച്ചുണ്ട്: ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള ശ്രമത്തിനിടയില്‍ കക്കയത്തെ വനംവകുപ്പ് വാച്ചർക്ക് പരിക്ക്‌. കാട്ടാനകളെ വിരട്ടിയോടിക്കാന്‍ ഗുണ്ട് ഉപയോഗിച്ചപ്പോൾ അത് കൈയ്യിലിരുന്ന് പൊട്ടുകയായിരുന്നു. താൽക്കാലിക വാച്ചർ പൂവത്തുംചോല തായാട്ടുമ്മൽ വി.കെ. സുനിലിനാണ് (44)  പരിക്കേറ്റത്.

അപകടത്തില്‍ കൈപ്പത്തിക്കും, ചെവിക്കുമടക്കം പരിക്കേറ്റ സുനിലിന് മൊടക്കല്ലൂർ എംഎംസി ആശുപത്രിയിൽ വെച്ച് ഇന്ന് കൈയ്ക്ക് ശസ്ത്രക്രിയ നടത്തും. കക്കയം ദശരഥൻകടവിലെ കൃഷിയിടത്തിൽ ഞായറാഴ്ച രാത്രി ഒമ്പതരയോടെ ഇറങ്ങിയ കാട്ടാനകളെ ഓടിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ  അപകടം സംഭവിച്ചത്. സംഭവസമയത്ത് നാട്ടുകാരുടെ സ്ക്വാഡും കക്കയം ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരും സ്ഥലത്ത് ഉണ്ടായിരുന്നു.