ബാലുശ്ശേരിയില്‍ നിന്നും കോഴിക്കോടേയ്ക്ക് യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; വേങ്ങേരി ജംഗ്ഷന്‍ ഇന്നു മുതല്‍ അടച്ചിടും, പോകേണ്ട വഴികള്‍ വിശദമായി അറിയാം
കോഴിക്കോട്: കോഴിക്കോട്- ബാലുശ്ശേരി റോഡ് വേങ്ങേരി ജംഗ്ഷന്‍ ഇന്ന് (വ്യാഴം) മുതല്‍ അടച്ചിടും. ദേശീയപാത-66 റോഡ് വികസനത്തിന്റെ ഭാഗമായി വേങ്ങേരി ജംഗ്ഷനില്‍ വെഹിക്കിള്‍ ഓവര്‍പാസ് നിര്‍മാണവുമായി ബന്ധപ്പെട്ടാണ് റോഡ് അടച്ചിടുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതു വരെയാണ് അടച്ചിടുക.
ബാലുശ്ശേരി, നരിക്കുനി, ചെറുകുളം ഭാഗത്തുനിന്നു കോഴിക്കോട്ടേക്ക് പോകേണ്ട വാഹനങ്ങള്‍ തണ്ണീര്‍പന്തല്‍ -മാളിക്കടവ്- കൃഷ്ണന്‍നായര്‍ റോഡ് വഴി കാരപ്പറമ്പ് കോഴിക്കോട്ടേക്കു പോകണം.
കോഴിക്കോട്ടു നിന്നു ബാലുശ്ശേരി, നരിക്കുനി, ചെറുകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കരിക്കാംകുളം- തടമ്പാട്ടുതാഴം- വേങ്ങേരി മാര്‍ക്കറ്റ് ജംഗ്ഷന്‍-വേങ്ങേരി കയറ്റം കയറി മേല്‍പ്പാലത്തിന് സമീപം ഇടത്തോട്ട് തിരിഞ്ഞ് സര്‍വീസ് റോഡ് വഴി ബൈപാസില്‍ കയറി മാളിക്കടവ് ബൈപാസ് നയാര പെട്രോള്‍ പമ്പിന് സമീപം വലത്തോട്ട് തിരിഞ്ഞ് മാളിക്കടവ് ജംക്ഷന്‍- തണ്ണീര്‍പന്തല്‍ വഴി പോകണം. കൃഷ്ണന്‍ നായര്‍ റോഡില്‍ മാളിക്കടവില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് മാത്രമെ വലിയ വാഹനങ്ങള്‍ക്ക് പ്രവേശനമുള്ളൂ.