ഷവര്‍മ്മ വില്പന; കോഴിക്കോട് ജില്ലയില്‍ കര്‍ശന നടപടിയുമായി ഭക്ഷ്യ സുരക്ഷ വകുപ്പ്


 

കോഴിക്കോട്: ഷവര്‍മ്മ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇന്നലെ കോഴിക്കോട് ജില്ലയില്‍ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. 11 സ്‌ക്വാഡുകളാക്കി തിരിച്ചാണ് പരിശോധന നടത്തിയത്.

പ്രധാനമായും ഷവര്‍മ്മ നിര്‍മ്മാണവും വില്പനയും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ചെറിയ ന്യൂനതകള്‍ കണ്ടെത്തിയ സ്ഥാനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും വലിയ ന്യൂനതകള്‍ കണ്ടെത്തിയവയ്ക്ക ഷവര്‍മ്മ നിര്‍മ്മാണം നിര്‍ത്തി വയ്ക്കാനും പിഴ അടയ്ക്കാനുളള നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.

ഷവര്‍മ നിര്‍മ്മാണ യൂണിറ്റുകള്‍ നിര്‍മ്മാണത്തിന് വൃത്തിയാക്കിയ പരിസരം ഉപയോഗിക്കുക, ഷവര്‍മ കോണില്‍ നിന്നും ഊറി വീഴുന്ന ദ്രാവകം ശേഖരിക്കുന്നതിനും ക്രോസ് കണ്ടാമിനേഷന്‍ തടയുന്നതിനും പ്രത്യേകം സംവിധാനം, ഷവര്‍മ മീറ്റ് സൂക്ഷിക്കുന്നതിന് പ്രത്യേകം ചില്ലറുകള്‍, ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ഗ്ലൗസ്, ഷവര്‍മ രണ്ടാമത് ഒന്ന് കൂടി വേവിക്കുന്നതിന് ആവശൃമായ ഓവണ്‍ പോലുളള സംവിധാനം, പാര്‍സല്‍ നല്‍കുന്ന ഷവര്‍മ എപ്പോള്‍ വരെ ഉപയോഗിക്കാമെന്ന് ലേബല്‍ ചെയ്ത് കൊടുക്കുന്നതിനുളള സംവിധാനം FoSTaC ട്രൈനിങ്ങ് നേടിയ ജീവനക്കാരുടെ സേവനം എന്നിവ കര്‍ശനമായി പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.

ഷവര്‍മ പാര്‍സല്‍ നല്‍കുന്നത് ലേബല്‍ ചെയ്യാതെ വില്പന നടത്തരുത്, ഉപഭോക്താക്കള്‍ അവ ഒരു മണിക്കൂറിനുളളില്‍ ഉപയോഗിക്കണമെന്നും ഷവര്‍മ്മ, മയോണൈസ് എന്നിവ പെട്ടെന്ന് കേടാവുന്ന ഭക്ഷണം ആയതിനാല്‍ കൂടുതല്‍ സമയം ഉപയോഗിക്കാന്‍ പാടില്ല എന്നും ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചിട്ടുണ്ട്.