ആഹാരം പാകം ചെയ്യുന്നത് ശുചിത്വം കുറഞ്ഞ സാഹചര്യത്തിൽ; ചെങ്ങോട്ടുകാവിലെ പ്രഭിത ഹോട്ടൽ അടപ്പിച്ചു; നിരവധിയിടങ്ങളിൽ ഗുരുതര പ്രശ്നങ്ങൾ


കൊയിലാണ്ടി: പഴകിയ ഭക്ഷണവും ശുചിത്വമില്ലായ്മയും മൂലം ചെങ്ങോട്ടുകാവിലും രണ്ടു ഹോട്ടലുകൾക്ക് പൂട്ടുവീണു. ചെങ്ങോട്ടു കാവ്, അരങ്ങാടത്ത് പ്രദേശങ്ങളിലെ ഹോട്ടലുകളിലും കൂൾ ബാറുകളിലും ബേക്കറികളിലും കോഴിക്കടയിലും മത്സ്യ കടകളിലുമാണ് ഇന്ന് പരിശോധന നടത്തിയത്.

ചെങ്ങോട്ടു കാവ് ടൗണിലെ പ്രഭിത ഹോട്ടലും ഇന്നത്തെ പരിശോധനയിൽ അടച്ചു. ശുചിത്വമില്ലായ്മ കാരണമാണ് ഹോട്ടൽ ഉപാധികളോടെ അടപ്പിച്ചത്. ഹോട്ടലിൽ നിന്നുള്ള ഡ്രൈനേജ് സമീപത്തെ പാവറ വയൽ തോടിലേക്കാണ് ഒഴുക്കിയിരുന്നത്. ഇതിനെതിരെ പഞ്ചായത്ത് ഒരു മാസം മുൻപ് തന്നെ നോട്ടീസ് നൽകിയിട്ടും പ്രതികരിക്കാത്തതിനെ തുടർന്നാണ് കട അടച്ചു പൂട്ടിയതെന്നു പഞ്ചായത്ത് സെക്രട്ടറി എൻ.പ്രദീപൻ അറിയിച്ചു. വേസ്റ്റ് ഇടുന്നതിനെ തുടർന്ന് തോട് മലിനമായ സാഹചര്യത്തിലായിരുന്നു. പ്രശ്നം പരിഹരിച്ച് ലൈസെൻസ് പുതുക്കിയാൽ മാത്രമേ കട തുറക്കാനാവുകയുള്ളു.

അരങ്ങാടത്തും ഗുരുതരമായ സാഹചര്യത്തിൽ ഒരു ഹോട്ടലിനെതിരെ പരാതി ഉണ്ടെന്നും, ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിശദമായ പരിശോധന അവിടെ ആവശ്യമാണെന്ന് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സജീവൻ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ശുചിത്യമില്ലായ്മയാണ് പല ഹോട്ടലുകളിലെയും പ്രധാന പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെങ്ങോട്ടുകാവിൽ ഇന്ന് പതിനഞ്ചോളം സ്ഥാപനങ്ങളിൽ പരിശോധന നടത്തിയിരുന്നു. ചിക്കൻ സ്റ്റാളുകളും അൽപ്പം മോശപ്പെട്ട സാഹചര്യത്തിലാണ്. പ്രശ്നങ്ങളുള്ള ഹോട്ടലുകൾക്ക് വാർണിംഗ് നൽകിയതായി ജെ.എച്ച്.ഐ പറഞ്ഞു.

ശുചിത്വം പാലിക്കുന്നതിൽ വീഴ്ച വരുത്തിയ സ്ഥാപനങ്ങൾക്ക് അത് പരിഹരിക്കാനുള്ള കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മുഴുവൻ കച്ചവട വ്യാപാരസ്ഥാപനങ്ങളും ലൈസൻസും ജല പരിശോധന റിപ്പോർട്ടും കടയിൽ പ്രദര്ശിപ്പിക്കണമെന്നും ഉത്തരവിറക്കി.


പഞ്ചായത്തും ഹെൽത്ത് വിഭാഗവും ചേർന്ന് പരിശോധന നടത്തി. പരിശോധനക്ക് ഹെൽത്ത് ഇൻസ്പക്ടർ കെ.സജീവൻ, പഞ്ചായത്ത് ജീവനക്കാരായ എ.എസ്. അനൂപ് എന്നിവരും പങ്കെടുത്തു. പരിശോധന തുടരുന്നതാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി കേരളത്തിലുടനീളം പൂട്ടിച്ചത് നൂറ്റിപ്പത്ത് കടകളാണ്. 347 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.140 കിലോ വ്യത്തിഹീനമായ മാംസവും പിടിച്ചെടുത്തു നശിപ്പിച്ചു.

[bot1]