തീരദേശമേഖലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ലക്ഷ്യം, തിക്കോടി ഡ്രൈവിങ് ബീച്ചടക്കം കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗങ്ങള്‍ക്കും പിടിവീഴും; ഫോക്കസ് ക്യാമ്പയിന് തിക്കോടിയില്‍ തുടക്കം


തിക്കോടി: കോഴിക്കോട് ജില്ലയിലെ തീരദേശ ഗ്രാമപഞ്ചായത്തായ തിക്കോടിയിലെ തീരദേശമേഖലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ലക്ഷ്യമിട്ടുള്ള ഫോക്കസ് പദ്ധതിയ്ക്ക് തുടക്കമായി. തിക്കോടതി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെയും കോഴിക്കോട് ജില്ലാ മിഷന്‍ സ്‌നേഹിത ജന്‍ഡര്‍ ഹെല്‍പ്പ് ഡസ്‌കിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

സ്ത്രീകളും കുട്ടികളും നേരിടേണ്ടിവരുന്ന അതിക്രമങ്ങള്‍ക്കെതിരെ തീരദേശമേഖലയിലുള്ളവരെ ബോധവത്കരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ മേഖലയിലെ വിദ്യാര്‍ഥികളടക്കമുള്ളവര്‍ ലഹരി ഉപയോഗത്തിന്റെ പിടിയിലാവുന്നത് തടയിടാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. തിക്കോടി ഡ്രൈവിങ് ബീച്ചടക്കമുളള ഇടങ്ങളടക്കം ലഹരി ഉപയോഗ കേന്ദ്രങ്ങളാക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കോസ്റ്റല്‍ പൊലീസ് അടക്കമുള്ളവരുടെ സേവനം ഉപയോഗപ്പെടുത്തി ഇത്തരം ശ്രമങ്ങള്‍ക്ക് തടയിടാനും ലക്ഷ്യമിടുന്നതായി തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ഗാര്‍ഹിക പീഡനമുള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും അഭയ കേന്ദ്രമായ കുടുംബശ്രീ സ്‌നേഹിത ജന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് തിക്കോടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ കൂടെ പങ്കാളിത്തത്തോടെയാണ് ഫോക്കസ് പദ്ധതി നടപ്പിലാക്കുക. ഇതിന്റെ ആദ്യപടിയെന്നോണം പദ്ധതി ഉദ്ഘാടനത്തോട് അനുബന്ധിച്ച് ബോധവത്കരണ ക്ലാസുകള്‍ നടത്തിയിരുന്നു. തിക്കോടി പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളാണ് തീരദേശവാര്‍ഡുകളായുള്ളത്.

ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനമാണ് ഇന്നലെ തിക്കോടിയില്‍ നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് ജമീല സമദാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പദ്ധതിയുടെ ഭാഗമായി തീരദേശ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സര്‍വ്വേയുടെ ആദ്യഘട്ട പ്രവര്‍ത്തനത്തിനും തുടക്കമായി. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ജയപ്രകാശന്‍ ബോധവല്‍ക്കര ക്ലാസെടുത്തു.