ഉള്ള്യേരി 19ല്‍ റോഡിന് കുറുകെ പടര്‍ന്ന് യാത്രക്കാര്‍ക്ക് ഭീഷണിയായി മാവ്; പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാവണമെന്ന് യാത്രക്കാര്‍


ഉള്ള്യേരി: കൊയിലാണ്ടി – താമരശ്ശേരി സംസ്ഥാന പാതയ്ക്കരിക്കില്‍ ഉള്ളിയേരി -19 ല്‍ പൊയില്‍ താഴെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും റോഡിന് കുറുകെയുള്ള മാവ് അപകടാവസ്ഥയില്‍. രാത്രിയും, പകലും ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോവുന്ന റോഡില്‍ വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും മാവ് ഭീഷണിയാണ്.

പടര്‍ന്ന് പന്തലിച്ച മരത്തിന് കീഴെയാണ് റോഡ് കുറുകെ കടക്കാനുള്ള സീബ്രാ ലൈനും ഉള്ളത്. കൂടാതെ ഉള്ളിയേരി-19ല്‍ എക്‌സൈസ് റെയ്ഞ്ച് ഓഫീസിന് സമീപം ഇതേനിലയില്‍ റോഡിലേക്ക് തള്ളി നില്‍ക്കുന്ന മറ്റൊരു മരവും വാഹനങ്ങള്‍ തട്ടിയാണ് കടന്നുപോവുന്നത്.

ഈ മരങ്ങളുടെ കാര്യത്തില്‍ ഗ്രാമ പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നും അത്യാവശ്യ ഇടപെടലുകള്‍ ഉണ്ടാവണമെന്ന് പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെട്ടു. കഴിഞ്ഞമാസം ബാലുശ്ശേരി ഭാഗത്ത് ബൈക്കില്‍ സഞ്ചരിക്കവെ മരം മുറിഞ്ഞ് വീണ് ഉള്ള്യേരി സ്‌കൂളിലെ അധ്യാപകന്‍ മരണപ്പെട്ടിരുന്നു. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.