വിറ്റത് ആയിരത്തിലേറെ കിലോ മീനുകള്‍; വയനാട്ടിലെ ദുരന്തബാധിതര്‍ക്കായി പേരാമ്പ്രയില്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ഫിഷ് ചലഞ്ച് വന്‍വിജയം


പേരാമ്പ്ര: വയനാട്ടിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ ഡി.വൈ.എഫ്.ഐയുടെ സ്‌നേഹവീടൊരുക്കാന്‍ ഫിഷ് ചലഞ്ച് സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ പേരാമ്പ്ര ഈസ്റ്റ് മേഖല കമ്മിറ്റി ഫിഷ് ചലഞ്ചിന് വന്‍ സ്വീകരണമാണ് പ്രദേശവാസികള്‍ക്കിടയില്‍ നിന്നും ലഭിച്ചത്.

എല്ലാ യൂണിറ്റുകളിലും വീടുകള്‍ കയറി മുന്‍കൂട്ടി ഓര്‍ഡറുകള്‍ സ്വീകരിച്ചിരുന്നു. ആയിരത്തിലേറെ കിലോ മീനാണ് ഫിഷ് ചലഞ്ചിന്റെ ഭാഗമായി വിറ്റത്. നാട് ഒരുമിച്ചാല്‍ ഏതു പ്രതിസന്ധിയെയും നമുക്ക് മറി കടക്കാന്‍ കഴിയും എന്നതിന്റെ സംഘടന പ്രവര്‍ത്തനങ്ങളിലെ വേറിട്ട അനുഭവമായിരുന്നു ഇത്.

ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡണ്ടും മുന്‍ എം.എല്‍.എയുമായ കെ.കുഞ്ഞമ്മദ് മാസ്റ്റര്‍ ആദ്യ വില്‍പ്പന നടത്തി. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയറ്റംഗം എം.എം.ജിജേഷ്, സി.കെ.രൂപേഷ്, സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി സി.കെ.അശോകന്‍ എന്നിവര്‍ പങ്കെടുത്തു.