കീഴരിയൂരിന്റെ മലയോര മേഖലയില്‍ തീപിടിത്തങ്ങള്‍ ആവര്‍ത്തിക്കുന്നു; ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് കൊയിലാണ്ടി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സംസാരിക്കുന്നു


കീഴരിയൂര്‍: കീഴരിയൂര്‍ മീറോഡ് മലയിലും പരിസര പ്രദേശങ്ങളിലും തീപ്പിടിത്തം ആവര്‍ത്തിക്കുയാണ്. വേനലില്‍ ഉണങ്ങിക്കരിഞ്ഞ് കിടക്കുന്ന അടിക്കാടുകള്‍ വ്യാപകമായാണ് തീപിടിത്തത്തിന് ഇടയാക്കുന്നത്. ഇന്നലെ നാലുമണിയോടെ മീറോഡ് മലയിലും സന്ധ്യയോടെ മറുഭാഗത്തുള്ള മരുതേരി മീത്തലിലെ റബ്ബര്‍ തോട്ടത്തിലുമാണ് തീപ്പിടിത്തമുണ്ടായത്.

ചെങ്കുത്തായ റബ്ബര്‍ തോട്ടവും അതിനുള്ളിലേക്ക് എത്തിപ്പെടാന്‍ റോഡില്ലാത്തതും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ വൈകിപ്പിച്ചിരുന്നു. ഫയര്‍ബ്രേക്കര്‍ സംവിധാനം ഉപയോഗിച്ചാണ് ഇവിടെ തീയണച്ചത്. ഇതിനു പുറമേ പച്ചിലകളുള്ള മരക്കമ്പുകള്‍വെച്ചും മറ്റും ഉപയോഗിച്ച് തീയണയ്ക്കുകയും തീ കൂടുതല്‍ വ്യാപിക്കുന്നത് ഒഴിവാക്കാന്‍ അടിക്കാടുകള്‍ വെട്ടിമാറ്റിയുമൊക്കെയാണ് അഗ്നിബാധ തടഞ്ഞതെന്നാണ് ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്.

ഇതുപോലുള്ള പ്രദേശങ്ങളില്‍ തീപിടിത്തമുണ്ടാകുന്നത് തടയാന്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കാവുന്നതാണ്. ജനങ്ങള്‍ക്ക് സ്വീകരിക്കാവുന്ന മുന്‍കരുതലുകളെക്കുറിച്ച് കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ആനന്ദന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു സംസാരിക്കുന്നു.

വേനലിന് മുമ്പ് തന്നെ വീടുകളോട് ചേര്‍ന്ന് കാണപ്പെടുന്ന അടിക്കാടുകള്‍ വെട്ടിമാറ്റുന്നതിലൂടെ തീ പടരുന്നത് തടയാനാവും.

റോഡുകളുമായി ചേര്‍ന്ന് കാണപ്പെടുന്ന കാടുകളും വെട്ടിമാറ്റേണ്ടതുണ്ട്. വേനല്‍ക്കാലത്ത് ഇവ ഉണങ്ങിക്കരിഞ്ഞ് തീപിടിക്കാനുള്ള സാധ്യത ഏറെയാണ്.

ശുചീകരണത്തിന്റെ ഭാഗമായി അടിക്കാടുകള്‍ വ്യാപകമായുള്ള സ്ഥലങ്ങളില്‍ കരിയില കൂട്ടിയിട്ട് കത്തിക്കുന്ന സ്ഥിതി ഒഴിവാക്കണം. കാറ്റിന് കരിയിലകളില്‍ നിന്നും തീ അടിക്കാടുകളിലേക്ക് പടരാന്‍ സാധ്യതയുണ്ട്.

കരിഞ്ഞുണങ്ങിയ കാട്ടുപ്രദേശങ്ങളിലേക്ക് പോകുന്നവര്‍ സിഗരറ്റും മറ്റും വലിക്കുമ്പോള്‍ കുറ്റി അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.